Fiction

തങ്കപാളികളിൽ രേഖപ്പെടുത്തുന്നതല്ല, ആത്മാവിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നതാണ് സഫല ജീവിതം

വെളിച്ചം

  നന്മയുടെ ഉറവിടമായിരുന്നു ആ മനുഷ്യൻ. ഒരിക്കല്‍ അദ്ദേഹത്തിനു മുന്നില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ചോദിച്ചു:

Signature-ad

“ദൈവം താങ്കള്‍ക്ക് എന്ത് വരങ്ങളാണ് നല്‍കേണ്ടത്? രോഗികളെ സുഖപ്പെടുത്തണോ?”

‘അത് ദൈവം ചെയ്താല്‍ മതി’യെന്നായിരുന്നു അയാളുടെ മറുപടി.
“തിന്മ ചെയ്യുന്നവരെ നന്മയിലേക്ക് കൊണ്ടുവരാനുള്ള കഴിവ് വേണോ?”

“അത് മാലാഖമാര്‍ ചെയ്താല്‍ മതി…” അയാള്‍ പറഞ്ഞു.
“പിന്നെന്താണ് വേണ്ടത്…?”
അവര്‍ ചോദിച്ചു.
“ആരുമറിയാതെ സത്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള കഴിവ്, അത് നല്‍കിയാല്‍ മതി.”
അയാള്‍ പറഞ്ഞു.
അവര്‍ അദ്ദേഹത്തിന്റെ നിഴലിന് അത്ഭുതശക്തി നല്‍കി. അത് എവിടെ വീണാലും അത്ഭുതം സംഭവിക്കും. നാളുകള്‍ കഴിഞ്ഞു. ആളുകള്‍ അയാളുടെ പേര് പോലും മറന്നു. അവര്‍ അദ്ദേഹത്തെ നിഴല്‍ വിശുദ്ധന്‍ എന്ന് വിളിച്ചു.

അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നവരുണ്ട്. ആത്മാവ് അവശേഷിപ്പിക്കുന്നവരും ഉണ്ട്. എല്ലാ അടയാളങ്ങള്‍ക്ക് പിന്നിലും അവയ്ക്ക് കാരണഭൂതരായവരെക്കുറിച്ചുളള രേഖകളുമുണ്ടാകും. എന്നാല്‍ ആത്മാവ് അവശേഷിപ്പിക്കുന്നവര്‍ക്ക് ആള്‍രൂപങ്ങളുണ്ടാകില്ല.
ഏതെങ്കിലും പുരസ്‌കാരങ്ങളിലേക്കുള്ള ജൈത്രയാത്രയല്ല അവരുടെ ജീവിതം. ഒരു തങ്കപാളികളിലും അവരുടെ പേരുണ്ടാകില്ല. നമുക്കും അടയാളങ്ങള്‍ അവശേഷിപ്പിക്കാം, ആത്മാവിന്റെ അടയാളങ്ങള്‍.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: