കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഇഡി സംഘത്തിന് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. മര്‍ദ്ദിച്ചെന്ന സിപിഎം നേതാവിന്റെ പരാതിയിലുള്ള പൊലീസ് നടപടി കാര്യമാക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സിപിഎം നേതാവായ അരവിന്ദാക്ഷനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് ക്യാമറക്ക് മുന്നിലാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നു. 24 സിസിടിവി ക്യാമറകള്‍ ഇ ഡി ഓഫീസിലുണ്ട്.
ഈ മാസം 12 ന് ചോദ്യം ചെയ്ത് വിട്ടയച്ചയാള്‍ ഒരാഴ്ചയ്ക്ക് ശേഷം 19ാം തീയതി പരാതി നല്‍കിയത് സംശയാസ്പദമാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. സിപിഎം നേതാവിന്റെ പരാതിയും പൊലീസ് നടപടിയും സമ്മര്‍ദ്ദ തന്ത്രമായാണ് ഇഡി കാണുന്നത്.
നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണക്കടത്ത് കേസിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടികള്‍ സമ്മര്‍ദ്ദ തന്ത്രമെന്ന വിലയിരുത്തലിലേക്ക് ഇഡി സംഘം എത്തിയത്. തൃശ്ശൂരില്‍ വ്യാപക റെയ്ഡ് നടത്തിയതും എസി മൊയ്തീന് നോട്ടീസ് നല്‍കിയതുമാണ് സമ്മര്‍ദ്ദ തന്ത്രത്തിന് കാരണം. കരുവന്നൂര്‍ കേസില്‍ എസി മൊയ്തീന് ഉടന്‍ തന്നെ വീണ്ടും നോട്ടീസ് നല്‍കും.