KeralaNEWS

മുഖ്യമന്ത്രിക്ക് പറക്കാന്‍ ഹെലികോപ്റ്ററെത്തി; 20 മണിക്കൂറിന് 80 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്ക്കായി ചൊവ്വാഴ്ച വൈകിട്ടോടെയാണു തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടേതാണു ഹെലികോപ്റ്റര്‍.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, മാസം 80 ലക്ഷം രൂപ നല്‍കിയാണു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. മാസം 20 മണിക്കൂര്‍ പറക്കാനാണ് 80 ലക്ഷം രൂപ. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ഹംസ് കമ്പനിയില്‍നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. ഒരു വര്‍ഷത്തിനുശേഷം കരാര്‍ പുതുക്കിയില്ല.

Signature-ad

വീണ്ടും കോപ്റ്റര്‍ എടുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷനുമായി പുതിയ കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ മാര്‍ച്ച് 2ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹെലികോപ്റ്റര്‍ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തിരുവനന്തപുരത്തു വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പ്രശ്‌നപരിഹാരത്തിനായി വീണ്ടും ചര്‍ച്ച നടത്തി.

തിരുവനന്തപുരത്ത് ആണെങ്കില്‍ പാര്‍ക്കിങ് തുക കൂടി വേണമെന്നു കമ്പനി ആവശ്യപ്പെട്ടു. ഒടുവില്‍ ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു. മധ്യകേരളത്തില്‍നിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണു പാര്‍ക്കിങ് ചാലക്കുടിയില്‍ മതിയെന്നു ധാരണയായതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. 3 വര്‍ഷത്തേക്കാണ് കരാര്‍.

 

Back to top button
error: