HealthLIFE

ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി; സഹപ്രവർത്തകർ പറഞ്ഞത് ​ഗർഭിണി ആയിരിക്കുമെന്ന്, ഡോക്ടർ പറഞ്ഞു അവൾക്ക് വിഷാദമാണെന്ന്… പക്ഷേ…

നിരവധിക്കണക്കിന് വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ അനുഭവങ്ങളാണ് ഇപ്പോൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് വരുന്നത്. അതിൽ ചിലതൊക്കെ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ച് കാണുമോ എന്ന് നാം അന്തംവിടും. ചില കഥകളൊക്കെ കേൾക്കുമ്പോൾ നമുക്ക് ഇങ്ങനെ സംഭവിച്ചില്ലല്ലോ എന്ന് ആശ്വാസം തോന്നും. അതുപോലെ എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ച അനുഭവമാണ് 36 -കാരിയായ ഹെലൻ ഹാനെമാന്റേതും.

2016 -ലായിരുന്നു അവളുടെ വിവാഹം. ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. അതിലൊന്ന് അവളെപ്പോഴും തുരങ്കത്തിൽ നിന്നുള്ളത് പോലെയുള്ള ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി എന്നതാണ്. പിന്നെ വിട്ടുമാറാത്ത തലവേദനയും. തുടക്കത്തിൽ അവളുടെ സഹപ്രവർത്തകർ പറഞ്ഞത് അവൾ ​ഗർഭിണി ആയിരിക്കും എന്നാണ്. എന്നാൽ പരിശോധനയിൽ ആയിരുന്നില്ല. ഇതേ തുടർന്ന് അവൾ ഡോക്ടറെ കാണാൻ പോയി. ഡോക്ടർ പറഞ്ഞത് അവൾക്ക് വിഷാദം ആണ് എന്നായിരുന്നു.

ശേഷം ഹെലനും ഭർത്താവും അവളുടെ പുതിയ വീട്ടിലേക്ക് താമസം മാറി. പക്ഷേ, എന്തൊക്കെ ചെയ്തിട്ടും അവളുടെ അസുഖങ്ങൾക്ക് മാത്രം യാതൊരു കുറവും വന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം, നെഞ്ചിൽ ഒരു ഭാരം പോലെ അവൾക്ക് അനുഭവപ്പെട്ടു. അതിനെ തുടർന്ന് ഹെലൻ നേരത്തെ ഉറങ്ങാൻ പോയി. അപ്പോഴാണ് അവൾക്ക് ആദ്യമായി അപസ്മാരം ഉണ്ടാകുന്നത്. പിന്നാലെ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അവൾക്ക് രണ്ട് അപസ്മാരം കൂടി ഉണ്ടായി. പിന്നീടുള്ള പരിശോധനയിലാണ് അവൾക്ക് ബ്രെയിൻ ട്യൂമറാണ് എന്ന് തിരിച്ചറിഞ്ഞത്.

നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ ഹെലൻ മരിക്കും എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. റിപ്പോർട്ടുകൾ പ്രകാരം 2016 ജനുവരിയിൽ 11 മണിക്കൂർ സർജറിയിലൂടെ അവൾ കടന്നുപോയി. അവൾക്ക് ഗ്രേഡ് 3 ആസ്ട്രോസൈറ്റോമ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

ഇതിനുശേഷം, ഹെലൻ അഞ്ച് സെഷൻ കീമോതെറാപ്പിയിലൂടെയും 33 സെഷൻ റേഡിയോ തെറാപ്പിയിലൂടെയും കടന്നുപോയി. 2022 -ൽ, അവളുടെ തലച്ചോറിൽ രക്തം ലീക്കായതിനെ തുടർന്ന് എഴുതാനും സംസാരിക്കാനും ഉള്ള കഴിവ് കുറഞ്ഞുവന്നു. ഓരോ ദിവസവും തനിക്ക് ആളുകളെ പോലും മനസിലാകാതെ വന്നു. തന്റെ മാതാപിതാക്കൾ അവരുടെ മകൾ അവരുടെ കൺമുന്നിൽ വച്ച് മരിച്ചുപോകും എന്ന് കരുതിയിരുന്നു, എന്നാൽ, ചികിത്സയിലൂടെ താൻ മെച്ചപ്പെട്ടു എന്നും ഹെലൻ പറയുന്നു. ഇപ്പോൾ മാധ്യമങ്ങളോടാണ് അവൾ തന്റെ ഈ അനുഭവങ്ങളെല്ലാം വിവരിച്ചത്.

Back to top button
error: