SportsTRENDING

ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം; ചരിത്രഗോളുമായി മലയാളി താരം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. ആതിഥേയരായ ചൈനയാണ് ഇന്ത്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തത്. പതിനേഴാം മിനിറ്റിൽ ഗാവോ ടിയാനൈയിലൂടെ ചൈന ആദ്യം മുന്നിലെത്തി. കോർണർ ക്ലിയർ ചെയ്യുന്നതിൽ ഇന്ത്യൻ പ്രതിരോധനിരക്ക് പറ്റിയ പിഴലിൽ നിന്നായിരുന്നു ചൈന ലീഡെടുത്തത്.

23-ാം മിനിറ്റിൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർമീത് സിങ് സന്ധു ചൈനീസ് താരം ടാൻ ലോങിനെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ചൈനക്ക് അനുകൂലമായി പെനൽറ്റി വിധിച്ചെങ്കിലും കിക്ക് തടുത്തിട്ട് ഗുർമീത് രക്ഷകനായി. ഇന്ത്യയുടെ പ്രിരോധ പിഴവിൽ പിന്നീട് നിരവധി തവണ ചൈന ഗോളിനടുത്തെത്തിയെങ്കിലും ഗോൾ വഴങ്ങാതെ ഇന്ത്യ രക്ഷപ്പെട്ടു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സോളോ റണ്ണിലൂടെ മലയാളി താരം രാഹുൽ കെ പി വെടിച്ചില്ല് കണക്കെ പായിച്ച ഷോട്ട് ചൈനീസ് ഗോൾ കീപ്പറെ മറികടന്ന് വലയിലെത്തിയപ്പോൾ ഇന്ത്യ സമനില വീണ്ടെടുത്തു. 2010നുശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ചൈന ലീഡെടുത്തു. 51-ാം മിനിറ്റിൽ ഡായി വൈജുൻ ആയിരുന്നു ചൈനക്ക് ലീഡ് സമ്മാനിച്ചത്. 72-ാം മിനിറ്റിൽ ടാവോ ക്വിയാഗ്ലോ‌ങിലൂടെ ലീഡുയർത്തിയ ചൈന ഇന്ത്യയുടെ സമനില പ്രതീക്ഷകൾ തകർത്തു. മൂന്ന് മിനിറ്റിനകം 75ാം മിനിറ്റിൽ ടാവോ രണ്ടാം ഗോളും നേടിയതോടെ ഇന്ത്യയുടെ തോൽവി ഉറപ്പായി.81-ാം മിനിറ്റിൽ ടാവോ ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും തലനാരിഴക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ഇഞ്ചുറി ടൈമിൽ ഇന്ത്യയുടെ മുറിവിൽ മുളകുപുരട്ടി ഹാവോ ഫാങ് ചൈനയുടെ അഞ്ചാം ഗോളും നേടി ഗോൾ പട്ടിക പൂർത്തിയാക്കി. ഇന്ത്യക്കായി ആദ്യ ഇലവനിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവും ഇറങ്ങി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: