റാലികള്‍ മുതല്‍ വീടുവീടാന്തരമുള്ള പ്രചാരണംവരെ തത്സമയ നിരീക്ഷണത്തില്‍; എസ്ഐആര്‍ പട്ടിക അടിസ്ഥാനമാക്കിയും കണക്കെടുപ്പ്; ബംഗാളില്‍ ബിജെപിയെ മലര്‍ത്തിയടിക്കാന്‍ ‘ഡാറ്റ’കള്‍ വച്ച് ഹൈടെക് നീക്കം; ഓരോ മണ്ഡലത്തിലും ‘വാര് റൂം’
മാര്‍ച്ച് 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മമതയും അഭിഷേകും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസേന മൂന്ന് മുതല്‍ നാല് വരെ റാലികള്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ, ഓരോ ബൂത്തിലും ആഴ്ചയില്‍ രണ്ടോ മൂന്നോ മൈക്രോ മീറ്റിംഗുകള്‍ എന്ന നിലയില്‍ താഴെത്തട്ടിലുള്ള ഇടപെടലുകളും നടക്കുന്നു. 250-300 പ്രാദേശിക നിവാസികളാണ് ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ മലര്‍ത്തിയടിക്കാന്‍ ‘ഡാറ്റാ’ തന്ത്രങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തുടര്‍ച്ചയായ നാലാം തവണയും അധികാരം ലക്ഷ്യമിടുന്ന ടിഎംസി തങ്ങളുടെ കൈവശമുള്ള 215 സീറ്റുകള്‍ സംരക്ഷിക്കുക മാത്രമല്ല, സംസ്ഥാനത്തെ 294 മണ്ഡലങ്ങളില്‍ ഏകദേശം 250 സീറ്റുകള്‍ നേടുക എന്ന ലക്ഷ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മമത ബാനര്‍ജി 226 സീറ്റുകള്‍ നേടണമെന്ന ലക്ഷ്യമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് അതിലും വലിയ ലക്ഷ്യമുണ്ടെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു: 250 മണ്ഡലങ്ങളില്‍ വിജയിക്കുക. ‘2021-ലെ ഫലങ്ങള്‍ വീണ്ടും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്. 2024-ലെ തിരഞ്ഞെടുപ്പില്‍ ടിഎംസി വിജയിച്ച 29 ലോക്സഭാ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 30-35 സീറ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, 2021-ല്‍ 15,000 വോട്ടുകള്‍ വരെയുള്ള ഭൂരിപക്ഷത്തില്‍ തീരുമാനിക്കപ്പെട്ട 100-ലധികം നിയമസഭാ സീറ്റുകളും നിരീക്ഷിച്ചുവരുന്നു’- ഒരു സോഴ്സ് പറഞ്ഞു.
കുറഞ്ഞത് 34 സീറ്റുകളിലെങ്കിലും കടുത്ത പോരാട്ടം നടന്നിട്ടുണ്ടെന്നാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം കാട്ടുന്നത്. ഇവിടെ വിജയഭൂരിപക്ഷം 5,000 വോട്ടില്‍ താഴെയായിരുന്നു. ഇതില്‍ ബിജെപി 21 സീറ്റുകളും ടിഎംസി 13 സീറ്റുകളുമാണ് നേടിയത്. പുരുലിയ ജില്ലയിലെ ബല്‍റാംപൂരിലെ 273 വോട്ടുകള്‍ മുതല്‍ കൂച്ച് ബിഹാര്‍ ജില്ലയിലെ കൂച്ച് ബിഹാര്‍ ദക്ഷിണിലെ 4,300-ല്‍ പരം വോട്ടുകള്‍ വരെയായിരുന്നു ഈ വിജയഭൂരിപക്ഷങ്ങള്.
സമാനമായ പ്രവണതകള്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ദക്ഷിണ ദിനാജ്പൂരിലെ ബാലൂര്‍ഘട്ടിലും (ബിജെപി 9,673 വോട്ടിന് വിജയിച്ചു), ഹൂഗ്ലി ജില്ലയിലെ ആരാംബാഗിലും ബങ്കുറ ജില്ലയിലെ ബിഷ്ണുപൂരിലും (ടിഎംസി യഥാക്രമം 6,308 വോട്ടിനും 6,172 വോട്ടിനും വിജയിച്ചു) പ്രകടമായിരുന്നു.
എസ്ഐആര്‍ പ്രഭാവം
വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആര്‍) വോട്ടര്‍മാരുടെ എണ്ണത്തിലുള്ള കൃത്യത ഉറപ്പാക്കാന്‍ പാര്‍ട്ടിയെ സഹായിച്ചു. ആകെ 44 നിയമസഭാ മണ്ഡലങ്ങളില്‍ 2021-ലെ വിജയഭൂരിപക്ഷത്തേക്കാള് കൂടുതല്‍ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ടിഎംസി 24 സീറ്റുകളിലും ബിജെപി 20 സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ഉദാഹരണത്തിന്, ടിഎംസി 26,111 വോട്ടിന് വിജയിച്ച മുര്‍ഷിദാബാദിലെ സംസര്‍ഗഞ്ചില്‍ 74,775 പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കി. ബിജെപി വെറും 273 വോട്ടിന് വിജയിച്ച ബല്‍റാംപൂരില്‍ 1,037 വോട്ടര്‍മാരെ നീക്കം ചെയ്തു.
ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ മതുവ വിഭാഗത്തിന് സ്വാധീനമുള്ള ഗൈഘട്ടയില് ബിജെപി 9,603 വോട്ടിന് വിജയിച്ചിരുന്നു, അവിടെ 19,638 പേരുകള്‍ ഒഴിവാക്കപ്പെട്ടു. അതുപോലെ, 2021-ല്‍ ബിജെപി 9,907 വോട്ടിന് വിജയിച്ച ബഗ്ദയില്‍ 10,000-ത്തിലധികം വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്തു.
5,000 മുതല്‍ 10,000 വരെ വിജയഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ഏകദേശം 33 സീറ്റുകളില്‍ 24 എണ്ണം ടിഎംസി നേടിയപ്പോള്‍ ബിജെപി ഒമ്പത് സീറ്റുകള്‍ നേടി. ഇതില്‍ പടാഷ്പൂര് (പൂര്‍ബ മേദിനിപൂര്‍), പാന്‍സ്കുര പൂര്‍ബ (പൂര്‍ബ മേദിനിപൂര്‍), സബാംഗ് (പശ്ചിമ മേദിനിപൂര്‍), സപ്തഗ്രാം (ഹൂഗ്ലി), കൃഷ്ണനഗര്‍ ദക്ഷിണ (നാദിയ), ബാരക്പൂര്‍ (ഉത്തര 24 പര്‍ഗാനാസ്) എന്നിവയുള്‍പ്പെടെയുള്ള പലയിടങ്ങളിലും വലിയ തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ പ്രചാരണ തന്ത്രം ഡാറ്റാ അധിഷ്ഠിത വിശകലനത്തെയും സാംസ്കാരിക സന്ദേശങ്ങളെയും കോര്ത്തിണക്കിയുള്ളതാണെന്ന് ടിഎംസി വൃത്തങ്ങള്‍ പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കിയപ്പോള്‍ ബാധിക്കപ്പെട്ടവരുടെ അനുഭവങ്ങളും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു, ഇത് ബംഗാളി ‘അസ്മിത (അഭിമാനം)’ എന്ന ആശയവുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പരമ്പരാഗതമായ ‘പാഞ്ചാലി’ എന്ന കഥാപ്രസംഗ രീതിയും പാര്‍ട്ടി ഉപയോഗിക്കുന്നുണ്ട്.
വ്യത്യസ്തമായ പ്രചാരണം
മുമ്പത്തെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണത്തെ പ്രചാരണം ‘നേതൃത്വത്തിന്റെ വ്യക്തിപ്രഭാവത്തെ’ക്കാള്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ടിഎംസി വൃത്തങ്ങള്‍ പറഞ്ഞു.
മമത ബാനര്‍ജിയും അഭിഷേകും നയിക്കുന്ന വലിയ റാലികള്‍ക്കൊപ്പം, ‘ഛോട്ടോ സഭകള്‍ (പ്രാദേശിക യോഗങ്ങള്‍)’ വഴി ബൂത്ത് തലത്തിലുള്ള ഇടപെടലുകള്‍ പാര്‍ട്ടി ശക്തമാക്കിയിട്ടുണ്ട്. എല്ലാ 294 നിയമസഭാ മണ്ഡലങ്ങളിലും വാര് റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോര്‍ഡിനേറ്റര്‍മാരും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടെ ഏകദേശം 20 അംഗങ്ങള്‍ വീതമാണ് ഓരോ വാര് റൂമിലും പ്രവര്‍ത്തിക്കുന്നത്.
മാര്‍ച്ച് 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മമതയും അഭിഷേകും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസേന മൂന്ന് മുതല്‍ നാല് വരെ റാലികള്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ, ഓരോ ബൂത്തിലും ആഴ്ചയില്‍ രണ്ടോ മൂന്നോ മൈക്രോ മീറ്റിംഗുകള്‍ എന്ന നിലയില്‍ താഴെത്തട്ടിലുള്ള ഇടപെടലുകളും നടക്കുന്നു. 250-300 പ്രാദേശിക നിവാസികളാണ് ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നത്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) നിരീക്ഷിക്കാനും വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കാനുമായി ഒരു ലക്ഷത്തിലധികം ‘ഷാഡോ ഏജന്റുമാരെയും’ പ്രചാരണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ”റാലികള്‍ മുതല്‍ വീടുവീടാന്തരമുള്ള പ്രചാരണവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും വരെ തത്സമയം നിരീക്ഷിക്കപ്പെടുന്നു,” ഒരു സ്രോതസ്സ് പറഞ്ഞു. ചായക്കടകള്‍, ഫ്ലാറ്റുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ നേരില്‍ കാണുന്നുണ്ട്.
കര്‍ഷകര്‍, സ്ത്രീകള്‍, മുതിര്‍ന്ന വോട്ടര്‍മാര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രചാരണ പരിപാടികളും അവരെ സഹായിക്കാന്‍ ഓരോ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
ടിഎംസിയുടെ വികസന വാഗ്ദാനങ്ങളെ ’10 പ്രതിജ്ഞകള്‍’ എന്ന നിലയില്‍ ഏണിപ്പടിയായും പ്രതിപക്ഷത്തെ തടസ്സങ്ങളായും ചിത്രീകരിക്കുന്ന പാമ്പും കോണിയും മാതൃകയിലുള്ള ബോര്‍ഡ് ഗെയിമുകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യ സഹായികളും പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
#WestBengalElection2026, #MamataBanerjee, #TMC, #AbhishekBanerjee, #BengalPolitics, #ElectionStrategy, #VoterRolls, #SIRProcess, #BoothLevelMobilisation, #TMCvsBJP, #BengalAsmita, #ElectionNewsMalayalam, #PoliticalAnalysis, #GrassrootsCampaign, #BreakingNews #WestBengalElections, #TMC, #MamataBanerjee, #AbhishekBanerjee, #BengalPolitics, #Election2026, #VoterListRevision, #BJPWestBengal, #ElectionStrategy, #DemocracyInAction, #StateAssemblyPolls, #PoliticalCampaign, #IndiaElections, #GrassrootsPolitics, #BengalNews






