CrimeNEWS

മല്ലു ട്രാവലറിനെതിരായ സൗദി യുവതിയുടെ പീഡന പരാതി: ഷാക്കീർ വിദേശത്ത്, അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങി

കൊച്ചി: മല്ലു ട്രാവലർ ഷാക്കീർ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്. ഷാക്കീർ വിദേശത്തായതിനാൽ കേസുമായി ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുമ്പോഴും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഷാക്കിറും തീരുമാനം വ്യക്തമാക്കിയിട്ടില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങി. തൻറെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തിൽ ഹോട്ടൽ മുറിയിൽ ഷാക്കീർ തന്നെ കടന്നുപിടിച്ചെന്നും തൻറെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ വീഡിയോയും ഇതിനോടകം പുറത്തുവന്നു.

പീ‍ഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലറിനെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ യാത്രാ വിഡിയോകൾ ചെയ്ത് ശ്രദ്ധ നേടിയ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ സൗദി അറേബ്യ പൗരയായ 29കാരിയാണ് പരാതി നൽകിയത്. ബുധനാഴ്ച എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷക്കീർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി കേരളത്തിലുണ്ട്. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഷക്കീർ സുബാൻ കാണാൻ എത്തിയത്. പ്രതിശ്രുത വരനും യുവതിക്കൊപ്പമുണ്ടായിരുന്നു. മറ്റൊരു ആവശ്യത്തിന് യുവാവ് പുറത്തിറങ്ങിയ സമയത്ത് ഷക്കീർ കടന്നുപിടിക്കാൻ ശ്രമിച്ചത്. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. പരാതി വ്യാജമാണെന്ന് മല്ലു ട്രാവലർ പ്രതികരിച്ചു. തെളിവുകൾ നിരത്തി കേസ് നേരിടുമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: