KeralaNEWS

പോലീസ് നല്‍കേണ്ട എല്ലാ സൗജന്യ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാർ

തിരുവനന്തപുരം:വാഹനാപകട കേസുകളിലെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍), ജനറല്‍ ഡയറി, വെഹിക്കിള്‍ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, സീൻ മഹസര്‍, സീൻ പ്ലാൻ, പരിക്ക് സര്‍ട്ടിഫിക്കറ്റ്, പരിശോധനാ സര്‍ട്ടിഫിക്കറ്റ് അടക്കം പോലീസ് നല്‍കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍.

ഇതു സംബന്ധിച്ച ഓരോ സര്‍ട്ടിഫിക്കറ്റിനും 50 രൂപ വീതം ഈടാക്കാൻ നിര്‍ദേശിച്ച്‌ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവില്‍ ഇവയെല്ലാം സൗജന്യമായാണ് പോലീസ് സ്റ്റേഷനില്‍നിന്നു നല്‍കിയിരുന്നത്. ഫീസ് ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തു നിലവില്‍ വരും.സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്താണ് നിരക്കുകള്‍ ഉയര്‍ത്തിയത്.

പോലീസ് നല്‍കുന്ന മറ്റു സേവനങ്ങള്‍ക്കുള്ള നിരക്കുകളും കുത്തനെ ഉയര്‍ത്തി. ഘോഷ യാത്ര നടത്തുന്നതിനുള്ള അനുമതിക്ക്  പോലീസ് സ്റ്റേഷൻ പരിധിയില്‍ 2,000 രൂപയും സബ്ഡിവിഷൻ പരിധിയില്‍ 4,000 രൂപയും ജില്ലാതലത്തില്‍ 10,000 രൂപയും നല്‍കണം.

സംസ്ഥാനത്ത് അഞ്ചു ദിവസം മൈക്ക് അനൗണ്‍സ്മെന്‍റ് നടത്താൻ 6,070 രൂപ നല്‍കണം. നിലവില്‍ 5,515 രൂപയാണ് നിരക്ക്. ജില്ലാ തലത്തില്‍ 610 രൂപ നല്‍കണം. 15 ദിവസത്തെ മൈക്ക് ലൈസൻസിന് 365 രൂപയാണു പുതുക്കിയ നിരക്ക്. പോലീസുകാരുടെ സേവനം സ്വകാര്യ ആവശ്യങ്ങള്‍ക്കു ലഭ്യമാക്കാൻ ഇനി ഉയര്‍ന്ന നിരക്കു നല്‍കണം. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ പകല്‍ സേവനത്തിന് 3,340 രൂപയാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഇത് 3,035 രൂപയാണ്. രാത്രികാലത്ത് 4,370 രൂപയാണ് സിഐയുടെ സേവനത്തിനുള്ള പുതുക്കിയ നിരക്ക്. നിലവില്‍ 3,970 രൂപയാണ് ഈടാക്കുന്നത്.
എസ്‌ഐയുടെ സേവനത്തിന് പകല്‍ 2,250 രൂപയും രാത്രി 3,835 രൂപയും നല്‍കണം. എഎസ്‌ഐയ്ക്ക് ഇത് യഥാക്രമം 1,645, 1,945 രൂപയാണ്. സീനിയര്‍ സിപിഒയ്ക്ക് 1,095 രൂപയും 1,400 രൂപയും കെട്ടിവയ്ക്കണം.

പോലീസ് ഗാര്‍ഡുകളുടെ സേവനത്തിന് നിലവിലുള്ള നിരക്കിനേക്കാള്‍ 1.85 ശതമാനം അധികം നല്‍കണം. കൂടാതെ കോന്പൻസേറ്ററി അലവൻസും നല്‍കണം. പോലീസ് നായയ്ക്ക് പ്രതിദിനം 7,280 രൂപ നല്‍കണം. ഷൂട്ടിംഗിനും മറ്റും പോലീസ് സ്റ്റേഷൻ കെട്ടിടം എടുക്കുന്നതിനുള്ള നിരക്കും കുത്തനെ ഉയര്‍ത്തി. പ്രതിദിനം 11,025 രൂപയായിരുന്നത് 12,130 രൂപയാക്കി ഉയര്‍ത്തി.
ഇതോടൊപ്പം ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ നിരക്കും ഫോറൻസിക് സയൻസ് ലബോറട്ടറി നിരക്കും ഉയര്‍ത്തി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: