CrimeNEWS

കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂട്ടര്‍ കിണറ്റില്‍ തളളിയിട്ടു; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറിയും അര്‍ബന്‍ സഹകരണബാങ്ക് ജീവനക്കാരനുമായ പൂക്കോത്തു തെരുകൊട്ടാരം യുപി സ്‌കൂളിനു സമീപം താമസിക്കുന്ന മാവില പത്മനാഭന്റെ സ്‌കൂട്ടര്‍ കിണറ്റിലെറിഞ്ഞ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. സിപിഎം പ്രവര്‍ത്തകനായ കീഴാറ്റൂരിലെ അഖിലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് വെളളിയാഴ്ച്ച പുലര്‍ച്ചെ കിണറ്റില്‍ തളളിയിട്ട നിലയില്‍കണ്ടെത്തി. എട്ടുകോല്‍ ആഴത്തില്‍ വെളളമുളള കിണറ്റില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങികിടക്കുന്നതു കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടര്‍ കിണറ്റില്‍കാണാത്തതിനെത്തുടര്‍ന്ന് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു.

Signature-ad

തളിപറമ്പില്‍നിന്ന് അഗ്നിശമന സേനയെത്തിയാണ് വെളളത്തില്‍ മുങ്ങിയ സ്‌കൂട്ടര്‍ ഖലാസികളുടെ സഹായത്തോടെ പുറത്തെടുത്തത്. കൊട്ടാരം യുപി സ്‌കൂളിന് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സുസൂക്കി ആക്സിസ് സ്‌കൂട്ടറാണ് കിണറ്റില്‍നിന്ന് പുറത്തെടുത്തത്. നേരത്തെ സ്‌കൂട്ടറിന്റെ സീറ്റുകവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരുന്നു. ഇക്കേസില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപണമുണ്ട്. അതുകൊണ്ടാണ് വീണ്ടും അക്രമം നടന്നതെന്ന് പത്മനാഭന്‍ പറഞ്ഞു.

വ്യാഴാഴ്ച്ച രാത്രി പെയ്ത കനത്ത മഴയുടെ മറവിലായിരുന്നു സ്‌കൂട്ടര്‍ കിണറ്റിലെറിഞ്ഞത്. വീടും കിണറും തമ്മിലുളള അകലം ഏറെ അകലമുളളതിനാല്‍ മഴ കാരണം ശബ്ദമൊന്നും കേട്ടില്ലെന്നും പത്മനാഭന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച അന്‍പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപറമ്പ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി ടി ജനാര്‍ദ്ദനന്‍, തളിപറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതിനിടെ കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനെ പോലീസ് പിടികൂടിയിട്ടുണ്ട്. കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടില്‍ അഖില്‍(31)നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ടെന്നും ഇവര്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 

Back to top button
error: