IndiaNEWS

ബി.ജെ.പി. സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ചോദ്യംചെയ്യലിനിടെ ചൈത്ര കുന്ദാപുര കുഴഞ്ഞുവീണു

ബംഗളൂരു: ബി.ജെ.പി. സ്ഥാനാര്‍ഥിത്വം വാഗ്ദാനംചെയ്ത് വ്യവസായിയില്‍നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്തകേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തക ചൈത്ര കുന്ദാപുര ചോദ്യംചെയ്യലിനിടെ കുഴഞ്ഞുവീണു. അബോധാവസ്ഥയിലായ ഇവരെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സി.സി.ബി. ഓഫീസില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് അപസ്മാരത്തിന്റെ ലക്ഷണങ്ങളോടെ ചൈത്ര കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ചോദ്യംചെയ്യല്‍ മുടങ്ങി. അതിനിടെ, തട്ടിപ്പില്‍ ഉള്‍പ്പെട്ട ഹിരേഹഡഗള്ളി മഠം മഠാധിപതി അഭിനവ ഹലശ്രീസ്വാമിയെ അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമം തുടരുന്നു. ഇദ്ദേഹം മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചുണ്ട്.

Signature-ad

കേസില്‍ മൂന്നാം പ്രതിയാണ് അഭിനവ ഹലശ്രീസ്വാമി. മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉഡുപ്പിജില്ലയിലെ ബൈന്ദൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കാമെന്ന് പറഞ്ഞ് വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയെ വഞ്ചിച്ചതിനാണ് ചൈത്രയെയും കൂട്ടാളികളായ ആറുപേരെയും സി.സി.ബി. അറസ്റ്റുചെയ്തത്.

ഇവരെ ചോദ്യംചെയ്യാന്‍ പത്തുദിവസത്തേക്ക് സി.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ പരിപാടികളിലെ തീപ്പൊരിപ്രഭാഷകയാണ് ചൈത്ര. കേസില്‍ പ്രമുഖരുടെ പേരുകള്‍ പുറത്തുവരുമെന്ന് വ്യാഴാഴ്ച സി.സി.ബി. ഓഫീസില്‍ ചോദ്യംചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍ ചൈത്ര പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

Back to top button
error: