IndiaNEWS

ഒഡിഷയിലും ഹിമാചൽപ്രദേശിലും ഭീഷണിയായി ചെള്ളുപനി; 5 മരണം, 9 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്!

ഭുവനേശ്വർ: ഒഡിഷയിലും ഹിമാചൽപ്രദേശിലും ഭീഷണിയായി ചെള്ളുപനി. ഒഡിഷയിൽ 5 പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെറു പ്രാണികളായ ചെള്ളുകൾ, മൂട്ടകൾ എന്നിവ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ഓറിയെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ളുപനിക്കു കാരണം. വിറയലോടുകൂടിയ പനി, തലവേദന, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലരിൽ തലച്ചോറിനെ വരെ അസുഖം ബാധിച്ചേക്കാം എന്നതിനാൽ പ്രാണികടിയേറ്റ ഉടൻ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

ടൈഫസിന്റെ ഒരു വകഭേദമായ ഈ രോഗത്തെ ഇംഗ്ലീഷിൽ സ്‌ക്രബ് ടൈഫസ് (Scrub Typhus) എന്നാണ് വിളിക്കുന്നത്. 2021ൽ യുപിയിൽ സ്‌ക്രബ് ടൈഫസ് രോ​ഗം റിപ്പോർട്ട് ചെയ്തിരുന്നു. ഈ രോഗത്തെക്കുറിച്ച് ജാഗ്രത പാലിക്കുകയും സുരക്ഷിതമായി തുടരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉത്തർപ്രദേശിലെ ഫിറോസാബാദ്, ആഗ്ര, ഇറ്റാ, കാസ്ഗഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സ്‌ക്രബ് ടൈഫസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഓറിയൻഷ്യ സുസുഗമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് സ്‌ക്രബ് ടൈഫസ് എന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. സാധാരണഗതിയിൽ എലി, അണ്ണാൻ, മുയൽ പോലുള്ള ജീവികളിലാണ് ഈ ബാക്ടീരിയ അടങ്ങിയ ചെള്ളുകൾ കാണപ്പെടുന്നത്. ഈ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വഴി ചെള്ളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്.

പനി, വിറയൽ, തലവേദന, ശരീരവേദന, കണ്ണിന് നിറം പടരുക എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങളായി വരിക. അസുഖം കൂടുതൽ ഗുരുതരമാണെങ്കിൽ രക്തസ്രാവത്തിനും കാരണമാകും. അതുപോലെ ഹൃദയം, തലച്ചോർ, ശ്വാസകോശം എന്നീ സുപ്രധാന അവയവങ്ങളെയെല്ലാം രോഗം ഗൗരവമായി ബാധിക്കാം.

രണ്ടാം ലോകമഹായുദ്ധസമയത്ത് ലോകത്തിന്റെ ചില ഭാഗങ്ങളിൽ സ്‌ക്രബ് ടൈഫസ് റിപ്പോർ‌ട്ട് ചെയ്തിരുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി. ഇന്ത്യയിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് അസമിലും പശ്ചിമ ബംഗാളിലും ഒരു പകർച്ചവ്യാധി രൂപത്തിൽ സ്‌ക്രബ് ടൈഫസ് പൊട്ടിപ്പുറപ്പെട്ടു. ക്രമേണ, ഈ രോഗം ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യാപിച്ചു.

നേരത്തെ കണ്ടെത്തിയാൽ സ്‌ക്രൈബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാനാവും. ഏത് പ്രായത്തിലുമുള്ള ആളുകൾക്കും ഡോക്സിസൈക്ലിൻ ഉപയോഗിക്കാമെന്നും രോഗലക്ഷണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ നൽകിയാൽ ആൻറിബയോട്ടിക്കുകൾ ഏറ്റവും ഫലപ്രദമാണെന്നും സിഡിസി വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: