മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ സംഘപരിവാർ നേതാവും തീവ്രഹിന്ദുത്വ വേദികളിലെ തീപ്പൊരി പ്രാസംഗികയുമായ ചൈത്ര കുന്താപുര അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
കുറേനാളുകളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര വയലറ്റ് നിറമുള്ള ടോപും വെള്ള പാന്റ്സും കണ്ണുകൾ ഒഴികെ മുഖഭാഗങ്ങൾ മറയുന്ന മാസ്കും ധരിച്ച് പ്രത്യക്ഷപ്പെടുകയായിരുന്നു. മുംബൈയിൽ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവർത്തകനുമായ ഗോവിന്ദ ബാബുവാണ് പരാതിക്കാരൻ.
നിയമസഭ സീറ്റ് കിട്ടാത്തതിനെ തുടർന്ന് പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷയിൽ പരാതി നൽകിയിരുന്നില്ലെന്ന് പറയുന്നു. കിട്ടാതായതിനെത്തുടർന്ന് ബംഗളൂരു പൊലീസിൽ പരാതി നൽകുകയായിരുന്നു. ചൈത്രയുടെ കൂട്ടാളികൾ ശ്രീകാന്ത് നായക്, ഗംഗൻ കഡുർ, എ പ്രസാദ് എന്നിവരും ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റിലായിട്ടുണ്ട്.