KeralaNEWS

വിദ്യാർത്ഥിനി സ്വന്തം കഴുത്തറുത്ത് മരിച്ചു, ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്ത നിരാശയിലെന്ന് ആത്മഹത്യാക്കുറിപ്പ്

      യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥിനി കഴുത്തറുത്ത് മരിച്ചു. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ട് ‌വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ മുകൾ നിലയിലേയ്ക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചുചെന്ന അനിയത്തിയാണ് സൂര്യയെ ചോരയിൽ കുളിച്ച് ഗുരുതരമായ നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ പെൺകുട്ടിയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. ഒപ്പം അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു. റൂറൽ എസ്പി സുനിൽ, ഡിവൈഎസ്പി എസ്.ഷെറീഫ്, കുണ്ടറ എസ്ഐ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: