Movie

‘ജയിലർ’ പോലുള്ള പാന്‍ ഇന്‍ഡ്യന്‍ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് ശവക്കുഴി തോണ്ടുമോ…?

   ദക്ഷിണേന്‍ഡ്യന്‍ വിപണി ലക്ഷ്യമാക്കി ഇറക്കുന്ന പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ മലയാള ചലച്ചിത്ര വേദിയുടെ  അടിവേരിളക്കുന്നു എന്ന് പരാതി. ചുരുങ്ങിയത് 50 കോടി ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ദക്ഷിണേന്‍ഡ്യന്‍ മാര്‍ക്കറ്റിൽ നിന്ന് നൂറുകോടി രൂപ നേടുന്നതിനുള്ള എല്ലാ ചേരുവകളും കലർത്തിയാണ് വിപണിയിൽ ഇറക്കുന്നത്.

പഴയ ഡപ്പാംകുത്ത് പടങ്ങള്‍ക്ക് മസാലനിറം നല്‍കി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാക്കി വന്‍ സോഷ്യല്‍ മീഡിയ പുള്ളിങിലൂടെ ഇറക്കുകയാണ് ഇത്തരം പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍. നേരത്തെ കോളിവുഡില്‍ ഇറങ്ങിയിരുന്ന ഇത്തരം സിനിമകളുടെ വിപണിമാര്‍ക്കറ്റിലേക്ക് മോളിവുഡും ഉള്‍പ്പെട്ടതോടെ പണം കൊയ്യണം എങ്കില്‍ ഏറ്റവും കുറഞ്ഞത് പാന്‍ ഇന്‍ഡ്യ സിനിമകള്‍ ഇറക്കണം എന്നായി മാറിയിരിക്കുന്നു.

Signature-ad

സാധാരണക്കാരായ ആസ്വാദകരില്‍ നിന്നും തീയേറ്റര്‍ റെസ്പോണ്‍സും ആരാധകക്കൂട്ടങ്ങളില്‍ നിന്നും റിവ്യൂവും മുറി വൈദ്യന്‍മാരായ സിനിമാനിരൂപകരില്‍ നിന്നും വാഴ്ത്തിപ്പാട്ടും ഇത്തരം പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ക്കു ഒ.ടി.ടിയിലും തീയേറ്ററുകളിലും ആളെ കൂട്ടുന്നു.

എല്ലാവര്‍ക്കും സ്വീകാര്യമായ വിഷയങ്ങള്‍ സ്വീകരിച്ച് അതിലൂന്നിക്കൊണ്ടു സ്ഥിരം ചേരുവകള്‍ സാങ്കേതിക വിദ്യയുടെ വൈദഗ്ധ്യമുപയോഗിച്ച മെയ്ക്ക് ഓവറില്‍ മാറ്റംവരുത്തിയാണ് ഇത്തരം പടപ്പുകളുണ്ടാക്കുന്നത്. എന്നാല്‍ 20 വര്‍ഷം മുന്‍പ് ഇത്തരം പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ ഉപരിപ്ലവമായെങ്കിലും രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങള്‍ കൈക്കാര്യം ചെയ്തിരുന്നു എന്ന് കാണാം.

മനുഷ്യജീവിതത്തിന്റെ മിന്നലാട്ടങ്ങളും യാഥാര്‍ഥ്യങ്ങളും ഈ സിനിമകളില്‍ പ്രതിപാദിച്ചിരുന്നു. കെ.ടി കുഞ്ഞുമോന്‍ കാല്‍നൂറ്റാണ്ടിന് മുന്‍പ് നിര്‍മിച്ച സൂര്യന്‍, ജന്റില്‍മാന്‍, കാതലന്‍, ശങ്കറിന്റെ ഇന്‍ഡ്യന്‍, യന്തിരന്‍, രജനീകാന്തിന്റെ പടയപ്പ, ബാഷ തുടങ്ങിയ സിനിമയൊക്കെ പാന്‍ ഇന്‍ഡ്യന്‍ സിനിമകളായി കണക്കാക്കിയിരുന്നു. പിന്നീട് വന്ന കെ.ജി.എഫ് സീരിസുകളും ബാഹുബലിയും കാന്താരയുമൊക്കെ  ദക്ഷിണേന്‍ഡ്യയില്‍ മാത്രമല്ല ഹിന്ദിയിലും ചലനങ്ങൾ സൃഷ്ടിച്ചു.

കേരളത്തിലും ഇത്തരം ചിത്രങ്ങള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ബോക്സ് ഓഫീസില്‍ നിന്നും വന്‍ കളക്ഷൻ നേടുകയും ചെയ്ത സിനിമകളാണ് ഇതൊക്കെ. അല്ലു അര്‍ജന്‍, യാഷ്, വിക്രം, വിജയ്, വിജയ് സേതുപതി, സൂര്യ, കാര്‍ത്തിക്, വിശാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഇപ്പോള്‍ ഫഹദ് ഫാസില്‍ ഉള്‍പെടെയുളള നടന്‍മാരൊക്കെ പാന്‍ ഇന്‍ഡ്യന്‍ നടന്‍മാരായി അറിയപ്പെട്ടു.

വന്‍ ബഡ്ജറ്റില്‍ പ്രമുഖ ബാനറുകള്‍ ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് കാത്തിരിക്കുന്നവരാണ് ചലച്ചിത്ര പ്രേക്ഷകർ എന്ന തിയറി തന്നെയുണ്ടാക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് സാധിച്ചു എന്നതാണ് അപകടകരമായ കാര്യം.

ചിറകൊടിയുന്ന ചെറുസിനിമകള്‍

ഇന്‍ഡ്യന്‍ വാണിജ്യരംഗത്ത് വന്‍കിട കുത്തകകള്‍ കയറിനിരങ്ങിയ ഉദാരവല്‍ക്കരണക്കാലം ആന കരിമ്പിന്‍തോട്ടത്തില്‍ കയറിയതുപോലെയാണെന്ന് പ്രേക്ഷകർക്കറിയാം. ചെറുകിട, വാണിജ്യസംരഭങ്ങള്‍ തകരുകയും കുത്തക വ്യാപാരങ്ങളിലേക്ക് മണി ഫ്ളോയുണ്ടാവുകയും ചെയ്തു.

ഇതിന് സമാനമാണ് ഫിലിം ഇന്‍ഡസ്ട്രിയിലും സംഭവിച്ചത്. പാന്‍ ഇന്‍ഡ്യയെന്ന പേരില്‍ ഇറക്കുന്ന തട്ടുപൊളിപ്പന്‍ സിനിമകള്‍ ജീവിതത്താട് ഏറെ അടുത്ത് നില്‍ക്കുന്ന ചെറുസിനിമകളുടെയും സമാന്തര സിനിമകളുടെയും ചിറകരിഞ്ഞു.

മെഗാസ്റ്റാര്‍ സാന്നിധ്യങ്ങളുണ്ടായാല്‍ പോലും ഇത്തരം സിനിമകള്‍ പച്ചതൊടുന്ന അവസ്ഥ ഇല്ലാതായി. ഓണക്കാലത്ത് സത്യന്‍ അന്തിക്കാടിന്റെ ‘തലയണമന്ത്രം’ പോലെയുളള സിനിമകള്‍ പണം വാരിയ മലയാള സിനിമ ഇപ്പോള്‍ പാന്‍ ഇന്‍ഡ്യന്‍ സിനിമകളെ വാരിപ്പുണരുന്നത് മലയാള പ്രേക്ഷകരുടെ മാറിയ അഭിരുചിയെ കൂടി വ്യക്തമാക്കുന്നതാണ്.

ഒ.ടി.ടി എന്ന സാധ്യത മുന്‍പിലുണ്ടായിട്ടും അതിനെ അവഗണിച്ചു കൊണ്ടു തീയേറ്ററിലേക്ക് റിലീസ് ചെയ്ത മിക്ക ചെറുചിത്രങ്ങളും ദുരന്തമായിമാറിയത് നമ്മള്‍ 2022-ല്‍ കണ്ടതാണ്. തീയേറ്ററില്‍ ഇറങ്ങുന്ന 80 ശതമാനം ചെറുചിത്രങ്ങളും വന്‍പരാജയമായി മാറുന്നത് പുതിയ ആസ്വാദനശീലങ്ങളും പ്രമേയങ്ങളും കൊണ്ടുവരാനുളള യുവസംവിധായകരുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായിമാറിയിട്ടുണ്ട്.

മലയാളിയുടെ ഓണചിത്രമായി ജയിലര്‍

കേരളത്തിന്റെ ഓണച്ചിത്രമായി മലയാളികള്‍ നെഞ്ചേറ്റിയത് രജനിയുടെ തമിഴ് സിനിമയായ ജയിലർ ആണെന്നത് മുകളില്‍ പറഞ്ഞ കാര്യങ്ങളിലേക്കുളള വ്യക്തമായ ദിശാസൂചികയാണ്. ചരിത്രത്തിലാദ്യമായാണ് ഓണത്തിന് മലയാളസിനിമകളെ പിന്തള്ളി തമിഴ് സിനിമ കളക്ഷനില്‍ മുന്നിലെത്തിയത്.

താരപ്പൊലിമയൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ആര്‍.ഡി.എക്‌സ് തൊട്ടുപിന്നില്‍ പ്രദര്‍ശനവിജയം നേടിയപ്പോള്‍, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കിങ് ഓഫ് കൊത്ത’ മൂന്നാം സ്ഥാനത്തായി. ഓണക്കാല കൊയ്ത്തിലായിരുന്നു തിയേറ്ററുകളുടെ പ്രതീക്ഷ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ് ബജറ്റ് ചിത്രം പ്രതീക്ഷ കുന്നോളമാക്കി. എന്നാല്‍, ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല. ആദ്യ എട്ടു ദിവസത്തിനുള്ളില്‍ 50 കോടിക്കുമുകളില്‍ കളക്ഷന്‍ നേടാനായെങ്കിലും മലയാളികളുടെ ഓണച്ചിത്രമാകാന്‍ കഴിഞ്ഞില്ല. ആദ്യദിന കളക്ഷന്‍ 5.75 കോടിയായിരുന്നു. 50 കോടിയോളമാണ് ‘കിങ് ഓഫ് കൊത്ത’യുടെ നിര്‍മാണച്ചെലവ്.

ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷമിട്ട ‘ആര്‍ഡിഎക്‌സ്’ അതിവേഗം പ്രേക്ഷകര്‍ ഏറ്റെടുത്തു. 10 കോടിയോളം നിര്‍മാണച്ചെലവുള്ള ചിത്രം വലിയ വിവാദങ്ങള്‍ക്കിടെയാണ് തിയേറ്ററിലെത്തിയത്. റിലീസ് ദിവസം 1.30 കോടി രൂപമാത്രമായിരുന്നു കളക്ഷന്‍. എന്നാല്‍, ആദ്യവാരം നേടിയത് 60 കോടിയോളം. കേരളത്തില്‍നിന്നുമാത്രം 26 കോടി. നിവിന്‍ പോളി നായകനായ ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ പ്രതീക്ഷ സമ്മാനിച്ചെങ്കിലും തിയേറ്ററുകളില്‍ നിരാശപ്പെടുത്തി. ആദ്യവാരം 4.77 കോടി മാത്രമാണ് നേടിയത്.

രജനികാന്ത് നായകനായ ജയിലര്‍ നേടിയ ബ്രഹ്മാണ്ഡ വിജയത്തിനൊപ്പമായിരുന്നു കേരളത്തിന്റെ ഓണക്കാലം. ഓണക്കാലത്ത് ഇതരഭാഷാചിത്രങ്ങള്‍ കേരളത്തില്‍ എത്താറുണ്ടെങ്കിലും ഒന്നാമതായി സാമ്പത്തികവിജയം നേടുന്നത് ഇതാദ്യമാണ്. റിലീസ് ദിവസത്തെ കളക്ഷനില്‍ ‘കിങ് ഓഫ് കൊത്ത’യെയും മറികടന്ന ‘ജയിലർ’‍ 5.85 കോടി നേടി. ആദ്യവാരം പിന്നിട്ടപ്പോള്‍ 56.50 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ പുക കാണിക്കുമോ? 

ചെറുകിട നിര്‍മാതക്കളെുടെയും സംവിധായകരുടെയും ടെക്നീഷ്യന്‍മാരുടെയും അഭിനേതാക്കളുടെയും പുക കാണിക്കുമോ ഇമ്മാതിരി പാന്‍ ഇന്‍ഡ്യന്‍ സിനിമകളെന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. അണിയറയില്‍   പത്തോളം പാന്‍ ഇന്‍ഡ്യന്‍ സിനിമകളാണ് ഒരുങ്ങുന്നത്. ഇന്‍ഡ്യന്‍ രണ്ട്, ജെന്റില്‍മാന്‍ (രണ്ട്), പുഷ്പ (രണ്ട്) എന്നിവയൊക്കെ പാന്‍ ഇന്‍ഡ്യന്‍ ഗണത്തില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായി അണിയറക്കാർ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നി ഇന്‍ഡ്ട്രീകളിലെ മെഗാസ്റ്റാറുകളെ കുത്തിനിറച്ചുളള ട്വന്റി ട്വന്റി മോഡല്‍ പരീക്ഷണങ്ങളാണ് ഇതില്‍ പലതും. ജയിലറില്‍ രജനീകാന്തിനൊപ്പം മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നടിഗരുടെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ്കുമാറും അതിഥിതാരങ്ങളായെത്തിത് വിജയ ഫോര്‍മുലയായിയെന്ന് തിരിച്ചറിഞ്ഞാണ് പുതിയ പടച്ചുവിടല്‍. പ്രേക്ഷകര്‍ കേട്ടുതഴമ്പിച്ച നായക വീരകഥമാത്രമായ ജയിലര്‍ വന്‍ വിജയത്തിലെത്താന്‍ കാരണം ഇത്തരം മസാല ചേരുവകളാണെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്.

150 കോടിയാണ് രജനി ജയിലറിനായി പ്രതിഫലം വാങ്ങിയതത്രെ. 15 മലയാള ചിത്രങ്ങളെടക്കുന്ന ബഡ്ജറ്റാണിത്. പാന്‍ ഇന്‍ഡ്യന്‍ താരങ്ങള്‍ വന്‍തോതില്‍ പ്രതിഫലം കൂട്ടുകയും ഇതിനൊപ്പം സംവിധായകരും ടെക്നീഷ്യന്‍മാരും ചേര്‍ന്നാല്‍ ഇപ്പോള്‍ അഞ്ചുകോടിയിലെത്തി നില്‍ക്കുന്ന മലയാളത്തിലെ ചെറുസിനിമകളുടെ ബഡ്ജറ്റും ഉയരും. ഇതുവമ്പന്‍ പ്രൊജക്റ്റുകള്‍ക്ക് ജീവിതഗന്ധിയും കലാമൂല്യമുളള സിനിമകള്‍ക്കൊണ്ടു ബദല്‍ ഒരുക്കാനുളള സമാന്തര സിനിമകളുടെ പുകകാണിക്കുമോയെന്ന  ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തില്‍ ഇനിയൊരു അടൂരോ, അരവിന്ദനോ, ജോണ്‍ എബ്രഹാമോ, കെ ജി ജോര്‍ജോ, പോയിട്ട് പത്മരാജനോ, ഭരതനോ അതല്ല ലിജോ ജോസ് പല്ലിശേരി വരെ ഉണ്ടാവില്ലെന്ന ആശങ്കയുടെ കാര്‍മേഘമാണ് പാന്‍ ഇന്‍ഡ്യാസിനിമകള്‍ മലയാളസിനിമയുടെ ആകാശത്ത് പരത്തുന്നത്.

Back to top button
error: