MovieNEWS

‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കയെ ക്ഷണിച്ച് കങ്കണ; ഉറപ്പായും ഇഷ്ടപ്പെടുമെന്നും കമന്റ്

‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് നടി തന്നെയാണ്. പാര്‍ലമെന്റില്‍ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കങ്കണ തന്റെ സിനിമ കാണണമെന്ന് അഭ്യര്‍ഥിച്ചത്. പ്രിയങ്ക ഗാന്ധിക്ക് ഈ സിനിമ ഉറപ്പായും ഇഷ്ടപ്പെടുമെന്നും കങ്കണ പറഞ്ഞു.

വളരെ സ്നേഹത്തോടെയാണ് പ്രിയങ്ക ഗാന്ധി തന്റെ അഭ്യര്‍ഥന സ്വീകരിച്ചതെന്നും, സിനിമ കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കങ്കണ പറഞ്ഞു. ഇന്ദിരാ?ഗാന്ധിയെ ക്യാമറയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടെന്നും, വളരെ ശ്രദ്ധയോടെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി. ‘മിസിസ് ഗാന്ധിയെ മാന്യമായി അവതരിപ്പിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്’ എന്നും കങ്കണ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Signature-ad

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ വൈകിയത് കാരണം പല തവണ റിലീസ് മാറ്റിയ ചിത്രമാണ് എമര്‍ജന്‍സി. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ചിത്രം 2025 ജനുവരി 17 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്.

ആദ്യമായി കങ്കണ സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപം ഖേറാണ് ചിത്രത്തില്‍ ജയപ്രകാശ് നാരായണനായി എത്തുന്നത്. മഹിമ ചൗധരി, സതീഷ് കൗശിക് എന്നിവര്‍ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം വിശാഖ് നായരും പ്രധാന വേഷത്തിലെത്തുന്നു. സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുന്നത്. വിശാഖിന്റെ ബോളിവുഡിലെ ആദ്യ ചിത്രം കൂടിയാണ് എമര്‍ജന്‍സി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: