LocalNEWS

ഗൂഗിൽ മാപ് ചതിച്ച് ആശാനെ! വര്‍ക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി, ഒടുവിൽ ക്രെയ്നെത്തി പൊക്കിയെടുത്തു

തിരുവനന്തപുരം: ഗൂഗിൽ മാപ് ചതിച്ചു. വർക്കല പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികൾ വന്ന കാർ പടികെട്ടിൽ കുടുങ്ങി. വർക്കല ഹെലിപ്പാഡിന് സമീപത്തെ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ പ്രകൃതി ചികിത്സ കേന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഹെലിപാഡിൽനിന്ന് ബീച്ചിലേക്ക് പോകാനായി ഗൂഗ്ൾ മാപ് നോക്കിയാണ് യുവാക്കൾ ഇടറോഡിലൂടെ കാർ ഓടിച്ചുപോയത്. റോഡിന് സമാനമായ വീതിയുണ്ടായിരുന്നെങ്കിലും ഇത് നടപ്പാതയാണെന്ന് യുവാക്കൾ അറിഞ്ഞിരുന്നില്ല. ബീച്ചിന് മുന്നിൽ റോഡ് അവസാനിക്കുന്നിടത്ത് പടിക്കെട്ടുകൾ ഉണ്ടായിരുന്നു.

ഇറക്കം ഇറങ്ങിച്ചെന്ന കാർ പടിക്കെട്ടുകളിൽ കുടുങ്ങിനിന്നു. ആർക്കും അപകടമുണ്ടായില്ല. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവനന്തപുരത്തുനിന്ന് ക്രെയിൻ എത്തിച്ചാണ് കാർ തിരികെ റോഡിലേക്ക് കയറ്റിയത്. രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കൾ പറയുന്നു.

ഗൂഗിളിൻറെ മാപ്പ് സേവനം നിരവധി തവണ വഴി തെറ്റിച്ച അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ അതേ ഗൂഗിളിൻറെ ഭാഷാ സേവനമായ ഗൂഗിൾ ട്രാൻസ്ലേറ്റ് വയോധികയ്ക്ക് രക്ഷയായ കാഴ്ച ഉത്തരാഖണ്ഡിലെ കേദാർ നാഥിൽ നിന്ന് ആഴ്ചകൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. തീർത്ഥാടനത്തിനെത്തി ബന്ധുക്കളിൽ നിന്ന് കൂട്ടം തെറ്റിപ്പോയ 68കാരിക്ക് തുണയായി ഗൂഗിൾ ട്രാൻസ്ലേറ്റ്.

തെലുഗ് സംസാരിക്കുന്ന 68കാരിയെ ചൊവ്വാഴ്ച രാത്രിയാണ് ഗൌരികുണ്ടിലെ ഒരു പാർക്കിംഗ് ലോട്ടിൽ പൊലീസ് കണ്ടെത്തുന്നത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാനാവാതെ ആശയക്കുഴപ്പത്തിലായി സമ്മർദ്ദത്തിന് അടിപ്പെട്ട സ്ഥിതിയിലായിരുന്നു വയോധിക ഉണ്ടായിരുന്നത്. അടയാളങ്ങളും ആംഗ്യ ഭാഷ ഉപയോഗിച്ചും പൊലീസിനോട് കാര്യം പറയാൻ ശ്രമിച്ചെങ്കിലും പൊലീസിനും കാര്യം ഗ്രഹിച്ചെടുക്കാനാവാതെ വന്നതോടെയാണ് ഗൂഗിൾ സഹായവുമായെത്തിയത്. 68കാരി സംസാരിക്കുന്നതെന്തെന്ന് ഗൂഗിൾ ട്രാൻസ്ലേറ്റിൻറെ സഹായത്തോടെ പൊലീസുകാർ മനസിലാക്കുകയായിരുന്നു.

വയോധിക നല്കിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ട പൊലീസ് വയോധികയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. സോൻപ്രയാഗിലെത്തിയ ബന്ധുക്കൾ ഒപ്പം വയോധികയെ കണ്ടെത്താനാവാതെ പൊലീസ് ഔട്ട് പോസ്റ്റിൽ കാത്തിരിക്കുമ്പോഴാണ് ഗൌരികുണ്ടിൽ നിന്ന് പൊലീസുകാരുടെ അറിയിപ്പ് എത്തുന്നത്. വയോധികയെ സോനപ്രയാഗിലെത്തിക്കാൻ പ്രത്യേക വാഹനം നൽകിയ പൊലീസ് ബന്ധുക്കളുടെ അടുത്ത് വയോധികയെ ഏൽപ്പിച്ച ശേഷമാണ് മടങ്ങിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: