CrimeNEWS

മദ്യപാനത്തിനിടെ യുവാവ് കെട്ടിടത്തിൽനിന്ന് വീണു മരിച്ചു; കൊലപാതകമെന്ന് സംശയം, മൂന്ന് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല താന്നിമൂടിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു. സംഭവം കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ട്. മൂന്ന് പേരെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്. താന്നിമൂട് സ്വദേശി സുഭാഷ് കുമാർ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനാണ് സുഭാഷ്. താന്നിമൂട് ജംഗ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ സ്ഥിരമായി ഇവിടെ വന്ന് മദ്യപിക്കാറുണ്ടായിരുന്നു.

ഇന്നലെയും പതിവ് പോലെ സുഭാഷും സുഹൃത്തുകളും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന്‍റെ അകത്താണ് ഇവർ മദ്യപിച്ചിരുന്നത്. അതിനിടെ തടി കൊണ്ടുള്ള ജനാല വഴി സുഭാഷ് റോഡിലേക്ക് വീണു. തുടര്‍ന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി സുഭാഷിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും സുഭാഷ് കുമാർ മരിച്ചിരുന്നു.

സുഭാഷിന്‍റെ കൂടെയുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ടു പേരെ സംഭവ സമയത്ത് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. രാത്രിയിൽ വീടിനുള്ളില്‍ തർക്കം നടന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: