CrimeNEWS

ബാറിൽ തർക്കം, കൊലപാതകം: ഒളിവിലായിരുന്നു പ്രതി പിടിയിൽ

തൃശൂർ: ബാറിലെ സംഘർഷത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. നാട്ടിക മൂത്തകുന്നം ബീച്ച് കയനപ്പറമ്പിൽ വ്യാസൻ (43) ആണ് അറസ്റ്റിലായത്. തളിക്കുളം തമ്പാൻകടവ് പാപ്പാച്ചൻ ശിവാനന്ദൻ (50) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. തൃപ്രയാറിലെ ബാറിന്റെ പാർക്കിങ് ഏരിയായിൽ കഴിഞ്ഞ അഞ്ചിന് ഇരുവരും തമ്മിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 11ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ശിവാനന്ദൻ മരിച്ചത്. വ്യാസൻ ശിവാനന്ദന് കടം കൊടുത്ത 5000 രൂപയിൽ ബാക്കിയുണ്ടായിരുന്ന 2500 രൂപ തിരിച്ച് കൊടുക്കാത്തതിന്റെ പേരിലായിരുന്നു സംഘർഷം.

ബാറിൽ വച്ച് ശിവാനന്ദനെ കണ്ടുമുട്ടിയ വ്യാസൻ പണം ചോദിച്ച് വാക്കുതർക്കം ഉണ്ടാവുകയും കൈ കൊണ്ടും കുട ഉപയോഗിച്ചും ശിവാനന്ദന്റെ മുഖത്തും തലയിലും ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ വ്യാസൻ കർണാടകയിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്തുനിന്നും ട്രെയിനിൽ തിരികെ വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടകരയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ വ്യാസൻ മത്സ്യത്തൊഴിലാളിയാണ്. കൊല്ലപ്പെട്ട ശിവാനന്ദൻ കാറ്ററിങ് ജോലി ചെയ്തുവരികയായിരുന്നു.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലിഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ വലപ്പാട് എസ്എച്ച്ഒ സുശാന്ത്, വാടാനപ്പള്ളി എസ്എച്ച്ഒ സാബുജി, എസ്.ഐമാരായ സാലിം, പി.സി സുനിൽ, സി.ആർ പ്രദീപ്, ജി.എസ്.സി.പിഒമാരായ ലിജു ഇയ്യാനി, ബിജു, അനൂപ്, അനീഷ്, സി.പിഒമാരായ മാനുവൽ, നിഷാന്ത്, സുനിൽ, മുജീബ് എന്നിവർ ചേർന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: