കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതിന് കാരണം സമാനമായ ലക്ഷണങ്ങളോടെ നടന്ന രണ്ട് തുടർ മരണങ്ങൾ. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് അടുത്തടുത്ത് മരണമടഞ്ഞത്. ആദ്യ മരണം ആഗസ്റ്റ് 30 നാണ് സംഭവിച്ചത്.
എന്നാൽ നിപ സംശയം ഒട്ടും തന്നെ ഉയർന്നിരുന്നില്ല. ന്യൂമോണിയ ബാധിച്ച് മരിച്ചെന്നായിരുന്നു കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. പിന്നാലെയാണ് ഇദ്ദേഹം ചികിത്സയിലിരിക്കെ ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടത്. അധികം വൈകാതെ ഇദ്ദേഹവും മരണത്തിന് കീഴടങ്ങി.
അപ്പോഴേക്കും മരിച്ച ആദ്യത്തെയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ഉടലെടുത്തത്. അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഒൻപത് വയസുകാരനായ ഒരു ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം വന്നാൽ മാത്രമേ മരണകാരണം നിപ തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
എങ്കിലും ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വീണ്ടും ഭീതിയിലാക്കിയിരിക്കുകയാണ് നിപ വൈറസ് ബാധ. 2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ ബാധ എത്തിയത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്. സിസ്റ്റർ ലിനി നിപ പ്രതിരോധത്തിലെ കേരളത്തിലെ ഒരിക്കലും മായാത്ത നോവാണ്. 2021 ൽ വീണ്ടും നിപ ബാധ റിപ്പോർട്ട് ചെയ്തു. ഒരു ജീവൻ അപ്പോഴും നഷ്ടമായി. തുടർന്ന് രണ്ട് വർഷത്തോളം നിപ ബാധ കേരളത്തെ അലട്ടിയിരുന്നില്ല.