KeralaNEWS

വീണ്ടും റയിൽവേയുടെ പകൽക്കൊള്ള !!

തിരുവനന്തപുരം:യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് ഡീ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം റെയില്‍വേ വെട്ടിച്ചുരുക്കി.മാത്രമല്ല,പല ട്രെയിനുകളും സൂപ്പർഫാസ്റ്റ് ആക്കാനും റയിൽവെ തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ സാധാരണ ടിക്കറ്റ് എടുക്കുന്നവര്‍ സൂപ്പര്‍ ഫാസ്റ്റിന്റെ സപ്ലിമെന്‍ററി അധിക നിരക്ക് കൂടി എടുക്കേണ്ടിയും വരും.സീസണ്‍ ടിക്കറ്റിനും സപ്ലിമെന്‍ററി ചാര്‍ജ് ബാധകമാണ്.

കോവിഡ് കാലത്ത് റെയില്‍വേ ഉയര്‍ത്തിയ യാത്രാ നിരക്കും ഇതുവരെ കുറച്ചിട്ടില്ല. കോവിഡിന് മുമ്ബ് മിനിമം ചാര്‍ജ് 10 രൂപയായിരുന്നു. അത് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച്‌ 30 രൂപയാക്കി. ഈ വര്‍ധന ഇതുവരെ കുറയ്ക്കാന്‍ റെയില്‍വേ തയാറായിട്ടില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് ഉണ്ടായിരുന്നത് നിര്‍ത്തലാക്കിയതും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.ഇതിനു പിന്നാലെയാണ് അണ്‍ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കി യാത്രക്കാർക്ക് ഇരുട്ടടി നൽകിയത്.

തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസില്‍ രണ്ട് ഡീ റിസര്‍വ്ഡ് കോച്ചുകള്‍ ഉണ്ടായിരുന്നത് ഈമാസം 18 മുതല്‍ ഒരു കോച്ച്‌ മാത്രമേ ഉണ്ടാകൂ. ഇതിനുപുറമെ ഈ മാസം 15 മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തും. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്കും ഹ്രസ്വദൂര ഡീ റിസര്‍വ്ഡ് കോച്ച്‌ യാത്രക്കാര്‍ക്കും ഇതു വലിയ തിരിച്ചടിയാകും.

Signature-ad

പുനലൂര്‍-കന്യാകുമാരി, നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനുകളിലും അണ്‍ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്.പുനലൂര്‍-മധുര പാസഞ്ചറില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം കുറച്ചുവെന്ന് മാത്രമല്ല പുതുതായി ഒരു ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇത് ഈ മേഖലയില്‍ യാത്ര ചെയ്യുന്ന റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.കോച്ചുകള്‍ കുറച്ച ട്രെയിനുകളില്‍ യാത്രക്കാര്‍ നിന്നുതിരിയാന്‍ ഇടമില്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ് ഇത്.

ബംഗളൂരു-കന്യാകുമാരി ഐലന്‍റ് എക്‌സ്പ്രസ്, കന്യാകുമാരി-പൂനെ ജയന്തി ജനത എക്‌സ്പ്രസുകളിലെ ഡീ റിസര്‍വ്ഡ് കോച്ചുകള്‍ ഒഴിവാക്കാന്‍ റെയില്‍വേ നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. ഈ രണ്ട് വണ്ടികളിലും അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ രണ്ടെണ്ണം വീതമാണുള്ളത്. ഇതില്‍ ഒരെണ്ണത്തിന്‍റെ പകുതി അംഗപരിമിതര്‍ക്കും മറ്റൊരു പകുതി റെയില്‍വേ മെയില്‍ സര്‍വീസിനുമായി മാറ്റിവച്ചിരിക്കുകയാണ്. ഫലത്തില്‍ ജനറല്‍ ഒരെണ്ണം മാത്രമേയുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക കോച്ചും ഇല്ല.

അടുത്ത മാസം ഒന്നു മുതല്‍ ചെന്നൈ എഗ്മോര്‍ കൊല്ലംഅനന്തപുരി എക്‌സ്പ്രസ് ട്രെയിന്‍ സൂപ്പര്‍ ഫാസ്റ്റ് ആക്കാന്‍ റെയില്‍വേ തീരുമാനിച്ച്‌ കഴിഞ്ഞു. ഇതോടെ ഈ ട്രെയിനിലുണ്ടായിരുന്ന ഡീ റിസര്‍വ്ഡ് കോച്ചുകളും ഒഴിവാക്കപ്പെടും. മാത്രമല്ല സാധാരണ ടിക്കറ്റ് എടുക്കുന്നവര്‍ സൂപ്പര്‍ ഫാസ്റ്റിന്റെ സപ്ലിമെന്‍ററി അധിക നിരക്ക് കൂടി എടുക്കുകയും വേണം. സീസണ്‍ ടിക്കറ്റിനും സപ്ലിമെന്‍ററി ചാര്‍ജ് ബാധകമാണ്.

ചില ദീര്‍ഘദൂര സര്‍വീസുകളില്‍ മാത്രമാണ് ഏതാനും ഡീറിസര്‍വ്ഡ് കോച്ചുകളുള്ളത്. ഇവയില്‍ സീസണ്‍ ടിക്കറ്റുകാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. മാത്രമല്ല ചെറിയ ദൂര യാത്രക്കാര്‍ക്ക് ഈ കോച്ചുകളില്‍ കയറുന്നതിന് പ്രത്യേക സ്ലീപ്പര്‍ ടിക്കറ്റുകളും അനുവദിച്ചിട്ടുണ്ട്. ഈ ആനുകൂല്യം പടിപടിയായി നിര്‍ത്തലാക്കാനാണ് റെയില്‍വേയുടെ നീക്കം. ഇത് കൂടാതെ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ കുറച്ചിട്ട് കൂടുതല്‍ എസി കോച്ചുകള്‍ ഉള്‍പ്പെടുത്തുകയാണ് റെയില്‍വേ ഇപ്പോള്‍ ചെയ്യുന്നത്.

Back to top button
error: