
പുതുച്ചേരി: പുതുച്ചേരി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയിൽനിന്ന് അജ്ഞാത സംഘം തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. വേർപിരിഞ്ഞ കാമുകനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനെന്ന പേരിലാണ് പണം തട്ടിയത്. പ്രത്യേക മന്ത്രവാദവും പൂജയും നടത്തി ബന്ധം നേരെയാക്കാമെന്നായിരുന്നു ഇവർ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്.
ആറ് മാസം മുമ്പാണ് യുവതിയും കാമുകനും വേർപിരിഞ്ഞത്. ഇതിനിടെയാണ് കുടുംബ പ്രശ്നങ്ങളും പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങളും ബിസിനസ് പ്രശ്നങ്ങളുമെല്ലാം മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു ഇൻസ്റ്റഗ്രാം പേജ് യുവതിയുടെ ശ്രദ്ധയിൽപെട്ടത്. ഇവരെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ സഹായം തേടി. ഒരു പ്രത്യേക പൂജ ചെയ്താൽ മതിയെന്നും അത് കഴിയുമ്പോൾ മുൻ കാമുകൻ ഉടൻ തന്നെ യുവതിയെ ഫോണിൽ വിളിക്കുമെന്നും സംഘം ഇവരെ വിശ്വസിപ്പിച്ചു. തുടർന്ന് കാമുകന്റെയും യുവതിയുടെയും ഫോൺ നമ്പറും വാങ്ങി. എന്നാൽ കാമുകൻ വിളിച്ചാൽ ഫോൺ എടുക്കരുതെന്നായിരുന്നു നിർദേശം. പൂജയ്ക്കായി പണവും വാങ്ങി.
യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത ദിവസം തന്നെ ഫോണിൽ കാമുകന്റ വിളിയെത്തി. എന്നാൽ മന്ത്രവാദ സംഘം പറഞ്ഞതനുസരിച്ച് യുവതി കോൾ അറ്റൻഡ് ചെയ്തില്ല. പിന്നീട് ഇവർ ആവശ്യപ്പെട്ടപ്പോഴൊക്കെ പണം നൽകിക്കൊണ്ടിരുന്നു. ഇങ്ങനെ കഴിഞ്ഞ 10 ദിവസം കൊണ്ട് ആകെ 5.84 ലക്ഷം രൂപയാണ് സംഘം വാങ്ങിയത്.
എന്നാൽ കാമുകനിൽ നിന്ന് പ്രതികരണം ഒന്നുമില്ലാതായപ്പോൾ മന്ത്രാവാദ സംഘത്തെ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടാൻ ശ്രമിച്ചു. അതും നടക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് യുവതിക്ക് മനസിലായത്. തുടർന്ന് പുതുച്ചേരി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചില ഓൺലൈൻ വെബ്‍സൈറ്റുകളോ ആപ്ലിക്കേഷനുകളോ വഴി നമ്പർ മാറ്റി ഫോൺ വിളിക്കാൻ സാധിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് യുവതിയെ കബളിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.