തിരുവനന്തപുരം : സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. കരട് വോട്ടർ പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരാണ് ഉള്ളത്. ഇവരിൽ 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും ഉൾപ്പെടുന്നു.
ഇപ്പോൾ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് സെപ്തംബർ 23 വരെ ഓൺലൈനിലൂടെ അപേക്ഷ നൽകാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് ഇപ്പോൾ പേര് ചേർക്കാൻ അവസരം ഉള്ളത്. വോട്ടർ പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷ നൽകാൻ സാധിക്കും.
ഓൺലൈൻ അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‍സൈറ്റായ sec.kerala.gov.inൽ രജിസ്റ്റർ ചെയ്ത് നൽകണം. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനുകളിൽ അഡിഷണൽ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭകളിൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ.