KeralaNEWS

സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി – അപ്പർപ്രൈമറി സ്കൂളുകളിൽ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂൾ – ഹയർസെക്കണ്ടറി സ്കൂളുകളിൽ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എൻ.എൽ വഴി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ നൽകിയിരുന്നു. പ്രൈമറി തലത്തിൽ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തിൽ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയിൽ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ്ക്ക് കെഫോൺ പദ്ധതി വഴി സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് തുടർന്ന് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് 1 മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള 13,957 സ്കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ നിർവഹണ ഏജൻസിയായ കൈറ്റ് കെഫോണിന് ലഭ്യമാക്കുകയും ചെയ്തിരുന്നു.

Signature-ad

എല്ലാ ഹൈടെക് ക്ലാസ് മുറികളിലും (45,000 ക്ലാസ് മുറികൾ) ഇന്റർനെറ്റ് സൗകര്യം ലഭിക്കേണ്ട 4752 സ്കൂളുകളിൽ സെപ്തംബർ 20ഓടെ ഇന്റ‍ർനെറ്റ് കണക്ഷൻ പൂർത്തിയാക്കും എന്നാണ് കെഫോൺ അറിയിച്ചിരുന്നത്. എന്നാൽ കെഫോണിന്റെ പ്രവ‍ർത്തനം പൂർണരൂപത്തിൽ എത്താത്തതു മൂലമുള്ള കുറവുകൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്നും 2023 ഒക്ടോബർ മാസത്തോടെ മുഴുവൻ ഹൈടെക് സ്കൂളുകളിലും 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാൻഡ് ഇന്റ‍ർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്നും കെഫോൺ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ പിടിഎകൾ, അധ്യാപകർ, പൂ‍ർവ വിദ്യാർത്ഥികൾ തുടങ്ങിയവരുടെയൊക്കെ നേതൃത്വത്തിൽ ആരുടെയും നിർദ്ദേശമില്ലാതെതന്നെ നിരവധിയായ ഇടപെടലുകൾ നമ്മുടെ സ്കൂളുകളിൽ നടത്തിവരുന്നുണ്ട്. പ്രഭാത-ഉച്ച ഭക്ഷണം, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നി‍ൽക്കുന്ന കുട്ടികൾക്കുള്ള സഹായം, സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കൽ തുടങ്ങിയ വിവിധ മേഖലകളിൽ ഇവരൊക്കെ ഇടപെട്ട് വരുന്നുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ കേരളം നടത്തിയ മുന്നേറ്റങ്ങൾ യുനെസ്കോയുടെ പ്രത്യേക പരാമർശത്തിനു വിധേയമായത് ഈ മാസമാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് 3 ലക്ഷത്തിലധികം ലാപ്‍ടോപ്പുകളുണ്ട്. ഇതിൽ 2 ലക്ഷം ലാപ്‍ടോപ്പുകളിൽ മാത്രം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചതിനാൽ 3000 കോടി രൂപ സർക്കാർ ഖജനാവിന് ലാഭിച്ചത് ദേശീയ-അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്.

ഏത് സാഹചര്യത്തിലും സ്കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ വേഗതയിൽ ലഭിക്കാനും കണക്ഷൻ ഇല്ലാത്തിടത്ത് ലഭിക്കാനും സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും. സാങ്കേതിക പ്രശ്നങ്ങളാൽ കെഫോൺ ലഭ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാൽ ബദൽ സംവിധാനമൊരുക്കും. ഒക്ടോബർ 30 ഓടെ ഹൈടെക് സ്കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കാൻ ആകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Back to top button
error: