41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി, ഇരുമുടിക്കെട്ടുമായി ഉടന്‍ ശബരിമല കയറും; അയ്യപ്പനിലേക്ക് അടുപ്പിച്ചതെന്തെന്ന് വെളിപ്പെടുത്തി ഫാദര്‍ മനോജ്
തിരുവനന്തപുരം: 41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20ന് ആംഗ്‌ളിക്കന്‍ പുരോഹിതനായ ഫാദര്‍ ഡോ. മനോജ് ശബരിമല കയറും. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂര്‍ത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്ക്കല്‍.
ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.
ഒരിടത്ത് ഒതുങ്ങാന്‍ താത്പര്യമില്ലാത്തതിനാല്‍ ഫാ. മനോജ് ഒരു പള്ളിയുടേയും ചുമതല ഏറ്റെടുത്തിട്ടില്ല. ചെറുപ്പക്കാര്‍ക്കിടയിലാണ് പ്രവര്‍ത്തനം. ജീവിതത്തില്‍ ആത്മീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവരെ പഠിപ്പിക്കുകയാണ് ലക്ഷ്യം. പൗരോഹിത്യമോ, മതമോ ഉപേക്ഷിച്ചുള്ള യാത്രയല്ല ഫാദര്‍ മനോജിന്റേത്. ബംഗളൂരുവില്‍ സ്ഥിര താമസക്കാരനായ ഫാ. മനോജ് 27 വര്‍ഷമായി സോഫ്ട്വെയര്‍ എന്‍ജിനിയറാണ്. ഭാര്യ ജോളി ജോസ് വീട്ടമ്മയാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ആന്‍ ഐറിന്‍ ജോസ്ലെറ്റാണ് മകള്‍.
അയ്യപ്പനിലേക്ക് അടുപ്പിച്ചത് തത്വമസി
‘തത്വമസി’ ദര്‍ശനമാണ് അയ്യപ്പനിലേക്ക് അടുപ്പിച്ചത്. ദൈവം ഒന്നാണ്. ദൈവത്തെ മതങ്ങള്‍ വ്യത്യസ്ത ഭാവത്തില്‍ കാണുന്നു എന്ന് മാത്രം. എല്ലാ മതവും പറയുന്നത് ഒന്നാണ്. ദൈവത്തെ മതത്തിന്റെ വേലിക്കെട്ടില്‍ തളയ്ക്കാനാകില്ല. ഇത് എല്ലാവരും തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ലോകത്തുള്ളു. ഈ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവും ശബരിമല തീര്‍ത്ഥാടനത്തിനുണ്ടെന്ന് ഫാ. മനോജ് പറഞ്ഞു.