തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗ്രോ വാസുവിനോടുള്ള പൊലീസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും വിഡി സതീശന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖം തൊപ്പികൊണ്ട് മറച്ച പൊലീസിന്റെ സമീപനവും മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കാത്തതും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. എന്താണ് ഗ്രോ വാസു ചെയ്ത കുറ്റമെന്നും സതീശന് കത്തില്‍ ചോദിക്കുന്നു. നിയമസഭ അടിച്ചുപൊളിച്ച കേസ് ഉള്‍പ്പടെ എഴുതിത്തള്ളാന്‍ വ്യഗ്രത കാണിച്ച സര്‍ക്കാരാണ് താങ്കളുടേത്.
എന്നിട്ടും എന്തുകൊണ്ടാണ് ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കാത്തത്? രാഷ്ട്രീയ എതിരാളികളെ അരും കൊല ചെയ്തവരും ആള്‍മാറാട്ടം നടത്തിയവരും വ്യാജരേഖ നിര്‍മ്മിച്ച സിപിഎം നേതാക്കളും പുറത്ത് വിലസി നടക്കുന്നു. അവരെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നതുള്പ്പടെ സമീപകാല സംഭവങ്ങളില്‍ പൊലീസിന്റെ നിഷ്ക്രിയത്വവും സതീശന് കത്തില്‍ ചൂണ്ടിക്കാട്ടി.
ഇതാദ്യമായാണ് ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തുവരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സമാനമായ ആവശ്യവുമായി രംഗത്തുവന്നിരുന്നു.