കോട്ടയം: പുതുപ്പള്ളിയില്‍ സി.പി.എമ്മിന് പരാജയഭീതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അത് മറച്ചുവയ്ക്കാനാണ് ബി.ജെ.പി വോട്ട് കോണ്‍ഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമര്‍ശമല്ല അത്. ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് ചെയ്യുക. അങ്ങിനെ ഒരു സംഭവമുണ്ടോ ഇന്ത്യാ രാജ്യത്ത്. സി.പി.എമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. അത് കോണ്‍ഗ്രസ് മുക്തഭാരതമുണ്ടാക്കാനാണ്, സുധാകരന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ വോട്ടിങ് ശതമാനം കുറഞ്ഞത് ബോധപൂര്‍വമുണ്ടാക്കിയ കെണി. ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണ്. മുഴുവന്‍ യു ഡി എഫ് വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാനായില്ല. 80 ശതമാനത്തിലേറെ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോളിങ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. ”രാവിലെ കണ്ട തിരക്ക് എങ്ങനെ തടയപ്പെട്ടു? ഇത്രയും ആള്‍ക്കാര്‍ വന്ന് വോട്ട് ചെയ്യാന്‍ നിന്നിട്ടും എന്തുകൊണ്ട് പോളിങ് ശതമാനം കുറഞ്ഞു? സംഘടിതമായ ശ്രമമുണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ആലോചിക്കേണ്ടതാണ്”- ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നുവരെ ആളുകള്‍ വോട്ട് ചെയ്യാന്‍ വന്നു. മണിക്കൂറുകള്‍ കാത്തുനിന്നാണ് ആളുകള്‍ മടങ്ങിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എന്തുകൊണ്ട് താമസം വന്നു എന്ന് ചോദിക്കുമ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ ഉത്തരം നല്‍കുന്നില്ല. അപ്പോള്‍ പ്രിസൈഡിങ് ഓഫീസറെ സംരക്ഷിക്കാന്‍ വേണ്ടി പുറത്തുനിന്ന് കുറച്ചുപേര്‍ കയറി വരികയാണ്. യാഥാര്‍ത്ഥ്യം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ അത് ചെയ്തത്.”- അദ്ദേഹം പറഞ്ഞു.