താമരശ്ശേരി: അമ്പലമുക്കിൽ പ്രവാസിയുടെ വീട് അക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും യുവാവിനെ വെട്ടുകയും ചെയ്ത സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ രണ്ട് പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി ചെള്ളായിക്കട റഫീനാ മൻസിലിൽ ഷക്കീർ (32), കൂടത്തായി കരിങ്ങമണ്ണ കോമൻതൊടുകയിൽ വിഷ്ണുദാസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിൻറെ (38) വീട്ടിലാണ് ലഹരി മാഫിയ സംഘം വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
മൻസൂറിൻറെ വീടിനോട് ചേർന്ന് അയൂബ് എന്ന ആൾ ടെൻറ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുകയാണെന്ന് പൊലീസ് പറയുന്നു. ഈ അയൂബിൻറെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവരാണ് മൻസൂറിൻറെ വീട്ടിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട് ആക്രമിച്ചത്. മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവർ വീടിൻറെ വാതിലടച്ച് അകത്ത് കയറി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ സംഘം വീടിൻറെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും എറിഞ്ഞും അടിച്ചും തകർത്തു.
നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും അക്രമി സംഘം ഭീഷണി തുടർന്നു. ബഹളം കേട്ടെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിനെ സംഘം വെട്ടി പരിക്കേൽപ്പിച്ചു. താമരശ്ശേരി പൊലീസിൻറെ ജീപ്പിൻറെ ചില്ലുകളും പ്രവാസിയായ മൻസൂറിൻറെ കാറിൻറെ ചില്ലുകളും ഉൾപ്പെടെ സംഘം തകർത്തു. രാത്രിയോടെ കൂടുതൽ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് അക്രമികളെ തുരത്തിയത്. സംഘത്തിലെ എറണാകുളം സ്വദേശി ഷക്കീർ രാത്രി തന്നെ പൊലീസിൻറെ പിടിയിലായിരുന്നു.
അക്രമം നടത്തിയ പതിനഞ്ചോളം വരുന്ന ലഹരി സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലഹരി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമായി സ്ത്രീകൾ ഉൾപ്പെടെ ഇവിടെ എത്താറുണ്ടായിരുന്നതായാണ് നാട്ടുകാർ പൊലീസിന് നൽകിയിരിക്കുന്ന വിവരം.