LIFEMovie

‘ജയിലറി’ന്റെ ലാഭ വിഹിതത്തിൽനിന്നു കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ; ഒരു കോടി രൂപയുടെ ചെക്ക് കൈമാറി

ജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ജയിലറി’ന്റെ ലാഭ വിഹിതത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ. ഇതിന്റെ ഭാ​ഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സൺ പിക്‌ചേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്. ഇതിലൂടെ പാവപ്പെട്ട 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടക്കും.

ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ജയിലർ. ആദ്യദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തമിഴ്നാട്- കേരള ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പല റെക്കോർഡുകളും ജയിലർ മറി കടന്നു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം 600 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. കേരളത്തിൽ നിന്നു മാത്രം 60 കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് വിവരം.

Signature-ad

നെൽസൺ ദിലീപ് കുമാർ ആണ് ജയിലർ സംവിധാനം ചെയ്തത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ ആണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. മാത്യു എന്ന കാമിയോ റോളിൽ മോഹൻലാലും നരസിംഹ എന്ന കഥാപാത്രമായി ശിവരാജ് കുമാറും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചെറുതെങ്കിലും വലിയ ഓളമാണ് തിയറ്ററുകളിൽ ഇരുവർക്കും ലഭിച്ചത്. വിനായകൻ ആയിരുന്നു വർമൻ എന്ന പ്രതിനായക വേഷത്തിൽ എത്തിയത്. സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച വില്ലൻ ആയിരുന്നു വർമൻ എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്.

തിയറ്ററിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ജയിലർ സെപ്റ്റംബർ 7ന് ഒടിടിയിൽ സ്ട്രീം ചെയ്യും. ആമസോൺ പ്രൈമിനാണ് സ്ട്രീമിംഗ് അവകാശം ലഭിച്ചിരിക്കുന്നത്. 100 കോടിക്കാണ് ആമസോൺ അവകാശം സ്വന്തമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. സെപ്റ്റംബർ 7ന് ഷാരൂഖ് ഖാൻ ചിത്രം ജവാനും റിലീസിന് ഒരുങ്ങുകയാണ്.

Back to top button
error: