തൃശൂര്‍, പാലക്കാട്, വയനാട്, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ സീറ്റുകളാണ് ബിഡിജെഎസ് നോട്ടമിടുന്നത്. കഴിഞ്ഞ തവണ വയനാട്, ഇടുക്കി, ആലത്തൂര്‍, മാവേലിക്കര മണ്ഡലങ്ങള്‍ മാത്രമാണ് ബിഡിജെഎസിന് നല്‍കിയത്.
ബിജെപി സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരെ നേരിട്ടുകണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളി ഈ ആവശ്യമുന്നയിച്ചത്.
സീറ്റ് നിര്‍ണയം കേരളത്തില്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചതില്‍ ബിജെപി സംസ്ഥാന ഘടകത്തിന് അതൃപ്തിയുണ്ട്. സുരേഷ് ഗോപി നോട്ടമിട്ടിരിക്കുന്ന തൃശൂരും പ്രധാന നേതാക്കളിലാരെയെങ്കിലും മത്സരിപ്പിക്കാൻ ശ്രമിക്കുന്ന പാലക്കാടും വിട്ടുകൊടുക്കാനാകില്ല എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ഘടകകക്ഷിയെന്ന നിലയില്‍ ബിഡിജെഎസ് വട്ടപ്പൂജ്യമാണ് എന്ന വാദമുയര്‍ത്തി അവരുടെ ആവശ്യത്തിനു തടയിടാനുള്ള നീക്കങ്ങള്‍ ബിജെപി ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളിക്കുള്ള അടുപ്പം ഫലപ്രദമായി ഉപയോഗിക്കാനാണ് ബിഡിജെഎസിന്റെ നീക്കം.
കേരളത്തില്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് നല്‍കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മത്സര രംഗത്തേക്കുകൊണ്ടുവരണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.