Fiction

വിഘ്‌നങ്ങള്‍ക്കിടയിൽ വീണുപോകാതെ പ്രവര്‍ത്തനനിരതമാകൂ, അതാണ് യഥാര്‍ത്ഥ ശക്തി.

വെളിച്ചം

       സമാധാനം പ്രമേയമാക്കി ഒരു ചിത്രരചനാമത്സരം സംഘടിപ്പിക്കപ്പെട്ടു. നിരവധി പേര്‍ ആ മത്സരത്തില്‍ പങ്കെടുത്തു. അതില്‍ നിന്നും രണ്ട് ചിത്രമാണ് അവസാന റൗണ്ടില്‍ എത്തിയത്. ശാന്തമായ തടാകവും നീലാകാശവും തെളിഞ്ഞ അടിത്തട്ടും ആദ്യ ചിത്രത്തെ അര്‍ത്ഥവത്താക്കി. രണ്ടാം ചിത്രം ഉണങ്ങിവരണ്ട മലനിരകളും മരുഭൂമിയും ഇടിമിന്നലും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു.

ഒന്നാം സമ്മാനം ആദ്യചിത്രത്തിന് തന്നെ ലഭിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും വിജയിച്ചത് രണ്ടാമത്തെ ചിത്രമായിരുന്നു. കാരണമന്വേഷിച്ച ജനങ്ങളോട് സംഘാടകര്‍ പറഞ്ഞു:

“രണ്ടാം ചിത്രത്തില്‍ മലമുകളില്‍ കാറ്റിലാടി ഇടിമിന്നലേറ്റ് നില്‍ക്കുന്ന മരത്തിന്റെ ചാഞ്ഞുകിടക്കുന്ന ചില്ലയില്‍ തള്ളക്കുരുവി തന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. അവയെക്കാള്‍ സമാധാനം അനുഭവിക്കുന്ന മറ്റൊരു ജീവിയും ഉണ്ടാകില്ല. ശാന്തമായി ഇരിക്കുമ്പോള്‍ രൂപപ്പെടുന്നതല്ല, അസ്വസ്ഥമായിരിക്കുമ്പോഴും ഉരുത്തിരിയേണ്ടതാണ് സമാധാനം. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലാതിരിക്കുമ്പോള്‍ സന്തോഷിക്കാന്‍ ആര്‍ക്കും സാധിക്കും. പരിമുറുക്കമുണ്ടാകുമ്പോഴും സംഘര്‍ഷമുണ്ടാകുമ്പോഴും ശാന്തത കൈവിടാത്തതാണ് യഥാര്‍ത്ഥ സമാധാനം…”

വിഘ്‌നങ്ങള്‍ക്കിടയിലും വീണുപോകാതെ പ്രവര്‍ത്തനനിരതമാകുന്നതാണ് യഥാര്‍ത്ഥ ശക്തി. തനിക്കിഷ്ടപ്പെട്ട സാഹചര്യങ്ങളിലൂടെ മാത്രം കടന്നുപോകുന്ന ആരും ഉണ്ടാകില്ല. മഴയും വെയിലും കാറ്റും വരള്‍ച്ചയും ഉണ്ടാകും. പക്ഷേ ഈ വ്യത്യസ്ഥ സാഹചര്യങ്ങളിലെല്ലാം മനസ്സിന് കൈവരിക്കാന്‍ കഴിയുന്ന പക്വതയാണ് പ്രതികരണങ്ങളുടെ വൈശിഷ്ട്യം. ഇതുതന്നെയാണ് സമാധാനത്തിനുളള മന്ത്രം.

ശുഭദിനം.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: