പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ നാളെ(സെപ്റ്റംബർ 2) ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ മത്സരമാണ്. പല്ലെക്കെലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബന്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. ഏഷ്യൻ ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകൾ നാളുകൾക്ക് ശേഷം നേർക്കുനേർ വരുന്നതിൻറെ ആവേശത്തിലാണ് ഇരു ടീമുകളുടേയും ആരാധകർ. ഈ വർഷത്തെ ഏകദിന ലോകകപ്പിൻറെ ട്രെയൽ കൂടിയാണ് ഈ മത്സരം. ആവേശപ്പോരിന് മുമ്പ് ആകർഷകമായ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മത്സരത്തിൻറെ സംപ്രേഷകരായ സ്റ്റാർ സ്പോർട്‌സ്.
The ‘RO-KO’ duo is here to rule!
As we head into #IndVPak in the #AsiaCup2023, @imVkohli & @IamRo45 are set to put on yet another sparkling show!
Tune-in to #INDvPAK on #AsiaCupOnStar
Tomorrow | 2 PM | Star Sports Network #Cricket pic.twitter.com/sve3xNfZjy— Star Sports (@StarSportsIndia) September 1, 2023
പാകിസ്ഥാൻറെ പേടിസ്വപ്‌നമായ ബാറ്റർ വിരാട് കോലിയും ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുമാണ് സ്റ്റാർ സ്‌പോർട്‌സിൻറെ പ്രൊമോയിലുള്ളത്. ഇവിടം ഭരിക്കാൻ ‘രോ-കോ’ സഖ്യം എന്ന തലക്കെട്ടോടെയാണ് സ്റ്റാർ സ്പോർട്‌സ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. രോ എന്നതുകൊണ്ട് രോഹിത് ശർമ്മയെയും കോ എന്നതുകൊണ്ട് വിരാട് കോലിയേയുമാണ് വിശേഷിപ്പിക്കുന്നത്. ഇരുവരും പാകിസ്ഥാനെതിരെ മുമ്പ് ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. പാകിസ്ഥാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബാറ്റർമാരാണ് രോഹിത്തും കോലിയും. കോലിയാവട്ടെ കഴിഞ്ഞ ട്വൻറി 20 ലോകകപ്പിൽ വരെ പാകിസ്ഥാനെ പഞ്ഞിക്കിട്ട ബാറ്ററാണ്.
പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യ- പാക് ആവേശ മത്സരം ആരംഭിക്കേണ്ടത്. 2.30ന് ടോസ് വീഴും. ഈ ഏഷ്യാ കപ്പിൽ പാകിസ്ഥാൻറെ രണ്ടാമത്തെയും ഇന്ത്യയുടെ ആദ്യത്തേ മത്സരവുമാണിത്. ഗ്രൂപ്പ് എയിലെ ആദ്യ കളിയിൽ നേപ്പാളിനെ 238 റൺസിന് പാകിസ്ഥാൻ തകർത്തിരുന്നു. നാളെ ജയിക്കേണ്ടത് ടീം ഇന്ത്യക്ക് അനിവാര്യമാണ്. ഇന്ത്യൻ ബാറ്റർമാരും പാക് പേസർമാരും തമ്മിലുള്ള പോരാട്ടം എന്ന പതിവ് ഫോർമുലയ്‌ക്ക് ഇത്തവണയും മാറ്റമില്ല. പാക് പേസർമാരെ കൈകാര്യം ചെയ്യുന്നത് പോലെയിരിക്കും ഇന്ത്യയുടെ റൺ സ്കോറിംഗ്.