ഇടുക്കി:ഓണക്കാലത്ത് പല മത്സരങ്ങളും നടക്കാറുണ്ട്.എന്നാല്‍ ഈ ഓണക്കാലത്ത് ഇടുക്കി തോപ്രാംകുടിയിൽ നടന്നത് ഒന്നൊന്നായി മത്സരമായിരുന്നു – തടി ചുമട് മത്സരം.
ഇടുക്കിയിലെ തോപ്രാംകുടിയില്‍ മാത്രം നടക്കുന്ന ഒരു മത്സരമാണ് ഇത്.ഇടുക്കയിലെ കരുത്തനെ കണ്ടെത്താനാണ് ഓണക്കാലത്ത് ഈ മത്സരം നടത്തുന്നത്. ഇത്തവണ 250 കിലോ ഭാരമുള്ള തടി ചുമന്ന് ഇടുക്കി തങ്കമണി സ്വദേശി സിനു തകടിയേല്‍ ആണ് ഇടുക്കിയുടെ കരുത്തനായത്. തന്റെ ഇരട്ടിയില്‍ ഏറെ ഭാരമുള്ള കട്ടത്തടിയാണ് സിനു ചുമലിലേറ്റി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും 60 മീറ്റര്‍ ദൂരം നടന്ന് കാണികളെ ആവേശം കൊള്ളിച്ചത്.
നാലു പേര് ചേര്‍ന്നാണ് തടി ഉയര്‍ത്തി തോളില്‍ വെച്ചു കൊടുക്കുന്നത്. ഇങ്ങനെ ചുമലില്‍ തടിയുമായി ഏറ്റവും കൂടുതല്‍ ദൂരം നടക്കുന്ന ആള് ഒന്നാം സ്ഥാനത്ത് എത്തും. ഇത്തവണ ആറ് പേര് ആണ് മത്സരത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തോപ്രാം കുടിയില്‍ നടക്കുന്ന തടി ചുമട് മത്സരത്തില്‍ പങ്കെടുക്കുന്ന സിനു ഒരു തവണ മാത്രമാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.കഴിഞ്ഞ വർഷമായിരുന്നു അത്.
കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ 66 മീറ്റര്‍ ദൂരമാണ് സിനു തടിയുമായി നടന്നത്.കേരളത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു തടി ചുമട് മത്സരം ഇല്ല.തടിപ്പണിക്കാരനാണ് സിനു.