തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ. ടെണ്ടർ ലഭിച്ച ചിപ്സൺ ഏവിയേഷനുമായുള്ള തർക്കം തീർന്നതിനാൽ, അടുത്തയാഴ്ച അന്തിമ കരാർ ഒപ്പുവയ്ക്കും. മൂന്നു വർഷത്തേക്കാണ് കരാർ. ഇത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഒന്നാം പിണറായി സർക്കാർ പവൻഹാൻസ് കമ്പനിയിൽ 22 കോടിക്ക് ഹെലികോപ്റ്റർ വാടക്കെടുത്തിരുന്നു. എന്നാൽ സംസ്ഥാനത്തിന് ഒരു ഉപയോഗവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനും പൊലീസിന്റെ ആവശ്യങ്ങൾക്കുമായി വീണ്ടും ഹെലികോപ്റ്റർ വാടക്കെടുക്കുന്നതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവെങ്കിലും കഴിഞ്ഞ മാർച്ച് രണ്ടിന് ചിപ്സൺ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനം വന്നുവെങ്കിലും നിയമക്കുരുകൾ നിരവധിയായിരുന്നു. ടെണ്ടർ കാലാവധി കാലാവധി കഴിഞ്ഞ് മാസങ്ങൾക്കു ശേഷമാണ് മന്ത്രിസഭ അനുമതി നൽകിയത്.
നിയമവകുപ്പ് കരാറുമായി മുന്നോട്ടുപോകാൻ പച്ചകൊടി കാണിച്ചുവെങ്കിലും പിന്നെയും തർക്കമുണ്ടായി. ഹെലികോപ്റ്റർ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് ചിപ്സൺ ഏവിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ തിരുവനന്തപുരത്ത് തന്നെ വേണമെന്നായി പൊലിസിന്റെ ആവശ്യം. വീണ്ടും ചർച്ച നടത്തി. തിരുവനന്തപുരത്താണെങ്കിൽ പാർക്കിംഗിന് തുക കൂടിവേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒടുവിൽ ചാലക്കുടിയിൽ തന്നെ പാർക്ക് ചെയ്യണണെന്ന കമ്പനിയുടെ ആവശ്യവും സർക്കാർ അംഗീകരിച്ച് അന്തിമ ധാരണ പത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചു.
മധ്യകേരളത്തിൽ നിന്നും ഏതു ജില്ലകളിലേക്കും പറന്നുപോകാനുള്ള സൗകര്യവും കണക്കിലെടുത്താണ് പാർക്കിംഗ് ചാലക്കുടിയിൽ മതിയെന്ന് ധാരണയായതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നു. അടുത്തയാഴ്ച പൊലീസ് ആസ്ഥാനത്തെ എഡിജിപിയും ചിപ്സസൺ അധികൃതരുമായി കരാർ ഒപ്പുവയ്ക്കും. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. അഞ്ച് ലക്ഷത്തിന്റെ ചെക്ക് പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റർ വാടക്കെടുക്കുന്നത്. ഇത് വൻ ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.