പുതുപ്പള്ളിയില്‍ ഇന്ന് ചതയദിന ആഘോഷങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. മീനടം, വാകത്താനം പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ്റെ പരിപാടികള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ് പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തുകളില്‍ എത്തും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ ഭവനസന്ദര്‍ശനം നടത്തും. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും പ്രചാരണത്തിനെത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ രണ്ടാം വരവോടെ പുതുപ്പള്ളിയിലെ ഇടത് ആവേശം ആകാശത്തോളം ഉയർന്നിട്ടുണ്ട്.മറുവശത്ത്, ചാണ്ടി ഉമ്മനു വേണ്ടി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തന്നെ പ്രചാരണത്തിനിറങ്ങി. പാമ്ബാടിയില്‍ മഹിളാ കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയില്‍ 2000ഓളം പേരാണു പങ്കെടുത്തത്. ജെബി മേത്തര്‍ എം.പിയുടെ നേതൃത്വത്തിലായിരുന്നു സ്ത്രീ വോട്ടര്‍മാരെ പിടിക്കാനുള്ള പ്രചാരണം നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പരിപാടിയില്‍ പങ്കെടുത്തു.