IndiaNEWS

അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച ഏഴ് വയസുകാരൻ വിദ്യാർഥിയെയും കുടുബാംഗങ്ങളെയും സന്ദർശിച്ച് ജോൺ ബ്രിട്ടാസ്, കുടുംബത്തിന്  സ്നേഹത്തിന്റെ ഓണസമ്മാനവും

    ഉത്തർ പ്രദേശിലെ കുബ്ബാപുർ ഗ്രാമത്തിൽ  സഹപാഠികളെക്കൊണ്ട് അധ്യാപിക മാറി മാറി തല്ലിച്ച ഏഴ് വയസുകാരൻ മുസ്ലിം വിദ്യാർഥിയെയും കുടുബാംഗങ്ങളെയും സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി.

പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദേശം കുടുംബം സ്വീകരിച്ചതായി ജോൺ ബ്രിട്ടാസ് ഫേസ്‌ബുക്കിൽ കുറിച്ചു. സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് കുട്ടിയുടെ ബാപ്പ അറിയിച്ചു.

Signature-ad

ഈർശാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നൽകിയാണ് മടങ്ങിയതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സി.പി.എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഒപ്പമുണ്ടായിരുന്നു.

ജോൺ ബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

“വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീര്‍ക്കുമെന്നതിന്റെ തെളിവാണ് മുസഫര്‍ നഗറില്‍ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി. കുബ്ബാപുര്‍ ഗ്രാമത്തില്‍ എത്തി കുട്ടിയേയും ബാപ്പ ഇര്‍ഷാദിനെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിര്‍ത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്‍ പഠനത്തിനുള്ള സഹായം നല്‍കാമെന്ന നിര്‍ദ്ദേശം ആ കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം സി.പി.എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി സംഘം ഈ കുടുംബത്തെ സന്ദര്‍ശിക്കുന്നത്.

ഈര്‍ഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി
പിണറായി വിജയന്റെയും തുടര്‍പഠനത്തിന് സംസ്ഥാനം താങ്ങാകാന്‍ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു.

സ്‌കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് ബാപ്പ പറഞ്ഞു. ഭാര്യയോടൊപ്പം വിവാദ അധ്യാപികയായ തൃപ്തി ത്യാഗിയെ രണ്ടു വട്ടം കണ്ടിരുന്നെങ്കിലും താന്‍ ചെയ്തത് ശരിയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഉണ്ടായതെന്ന് ഇര്‍ഷാദ് പറഞ്ഞു. അത് കൊണ്ടാണ് മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ച കഴിഞ്ഞു അഡ്മിഷന്‍ നല്‍കാമെന്നാണ് പുതിയ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്. കുട്ടിയെ ചേര്‍ത്തു നിര്‍ത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നല്‍കിയാണ് ഞങ്ങള്‍ മുസഫര്‍നഗറിലെ കുഗ്രാമമായ കുബ്ബപ്പൂരില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചത്.”

Back to top button
error: