ഉത്രാട ദിനമായ തിങ്കളാഴ്ച മാത്രം ബിവറേജസ് ഔട്ടലറ്റുകൾ വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാള്‍ നാല് കോടിയുടെ അധിക വില്‍പന !! കഴിഞ്ഞ ദിവസം ഒട്ടുമിക്ക മാധ്യമങ്ങളിലും വന്നൊരു വാർത്തയാണ്.
ബൈദിബൈ,
കേരളത്തിൽ ഒരു ബിയറിന് വിലയെത്ര?
ഒരു Budweiser Magnumന് ഔട്ലെറ്റിൽ 170 രൂപ, ബാറിൽ 250 രൂപ.
അതായത് മൂന്നര കോടി ജനങ്ങളുള്ള കേരളത്തിലെ 20 ലക്ഷം പേര് ബാറിൽ പോയി ഈരണ്ട് ബിയർ അടിച്ചാൽ തന്നെ 100 കോടിയുടെ കച്ചവടം അടുപ്പിച്ചായി.
(20 ലക്ഷം x 2 x 250 = 100 കോടി)
അപ്പോൾ എങ്ങനെയാണ് ഈ 116 കോടി ഇത്ര വലിയ “സംഭവം” ആകുന്നത്?
ഇതെങ്ങനെയാണ് “വൻ മദ്യ വില്പന” ആവുന്നത്? എന്തുമായി താരതമ്യം ചെയ്തിട്ടാണ് ഈ “വൻ” എന്ന ക്ലെയിം?
ഒരു താരതമ്യത്തിന് വേണ്ടി സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ന്യൂഇയർ തലേന്ന് നടന്ന മദ്യ വില്പന എടുത്താൽ:
തെലങ്കാന – 218 കോടി
തമിഴ്നാട് – 215 കോടി
കർണാടക – 181 കോടി
ആന്ധ്ര – 127 കോടി
ഇനി ജനസംഖ്യ അനുപാതമായി നോക്കിയാൽ പോലും:
തെലങ്കാന – ഏതാണ്ട് 62 രൂപ per head liquor sales.
തമിഴ്നാട്, കർണാടകം – ഏതാണ്ട് 30 രൂപ per head liquor sales.
ആന്ധ്ര – ഏതാണ്ട് 25 രൂപ per head liquor sales.
കേരളത്തിലെ ഓണത്തിന് – ഏതാണ്ട് 30 രൂപ per head liquor sales.
അപ്പോൾ എങ്ങനെയാണ് ഈ കേരളത്തിലെ മാത്രം “വൻ വില്പന” ആവുന്നത്?
അതോ ഇനി കഴിഞ്ഞയാഴ്ചയുമായി ആണോ താരതമ്യം? അങ്ങനെയാണെങ്കിൽ കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ചു വാഴയില, അരി, വെണ്ടക്ക, മുരിങ്ങക്കായ, പയർ, ഏത്തപ്പഴം, പഞ്ചസാര, ശർക്കര തുടങ്ങിയ എല്ലാത്തിലും ഈ ആഴ്ച “വൻ വില്പന” ആയിരിക്കില്ലേ? അപ്പോൾ അതും വാർത്തായക്കുന്നില്ലേ?
കേരളം ലോകത്തെങ്ങും ഇല്ലാത്ത പോലത്തെ മദ്യപാനികളുടെ നാടാണ് എന്ന് സ്ഥാപിക്കാൻ യാതൊരു വസ്തുനിഷ്ഠതയും ഇല്ലാത്ത ഈ വാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തകർക്ക്, മിനിമം സ്വന്തം ബില്ലെങ്കിലും കൊടുക്കാനുള്ള സാമ്പത്തിക ഭദ്രത അടുത്ത ഓണത്തിനെങ്കിലും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.(മാപ്രകൾ ഓസിന് അടിക്കുന്നവരാണെന്നാണ് കരകമ്പി)
ആത്മാഭിനത്തോടെ ഒരു സ്‌മോൾ അടിക്കുക എന്നത് നിങ്ങളുടെയും കൂടെ അവകാശമാണ്.
(പിന്നെ മലയാളി വാങ്ങുന്ന മദ്യത്തിന്റെ ഇരട്ടിയോളം ഇവിടുത്തെ ബംഗാളി-ബീഹാറി ബാബുമാർ വാങ്ങാതെയും ഇരിക്കില്ലല്ലോ !)