ചാലക്കുടി: വാമനൻ ബെല്ലടിക്കുമ്ബോൾ മാവേലി ബ്രേക്ക് ചവിട്ടുന്നതും വീണ്ടും മണി അടിക്കുമ്പോൾ ബ്രേക്കില്‍നിന്ന് കാലെടുത്ത് ആക്സിലറേറ്ററില്‍ ചവിട്ടുന്നതും യാത്രക്കാര്‍ സശ്രദ്ധം കണ്ടു.ബസ് പാതാളത്തിലേക്കോ സ്വര്‍ഗത്തിലേക്കോ അല്ല പോയത്.എംവിഡിയുടെയും എഐ ക്യാമറയുടെയും മുന്നിൽക്കൂടി ചാലക്കുടിയുടെ മണ്ണിലാണ് തലങ്ങും വിലങ്ങും ഓടിയത്.
ചാലക്കുടി നഗരസഭാ ബസ് സ്റ്റാൻഡിൽ ഉത്രാടം നാളിലാണ് ബസ് ജീവനക്കാര്‍ മഹാബലിയുടെയും വാമനന്‍റെയും വേഷമണിഞ്ഞത്.. ‘മരിയ’ ബസിലെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി ടോം ജോസഫ് തോട്ടത്തിലും കണ്ടക്ടര്‍ മാള സ്വദേശി ഡെന്നി വടക്കനുമാണ് ബസ് യാത്രക്കിടെ മാവേലി നാടകം അരങ്ങേറ്റിയത്.
പ്രളയത്തിനും കോവിഡിനും ശേഷം നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിക്കുന്നത് ഇപ്പോഴാണ്. അതിന്റെ സന്തോഷം യാത്രക്കാരുമായി പങ്കുവക്കണമെന്ന് തോന്നി. അപ്പോഴാണ് ഇങ്ങനെയൊരാശയം തോന്നിയതെന്ന് ടോം ജോസഫ് തോട്ടത്തിലും ഡെന്നി വടക്കനും പറഞ്ഞു. ആശയം അറിയിച്ചപ്പോള്‍ ബസിന്റെ ഉടമകളും സമ്മതിച്ചെന്ന് ഇരുവരും പറഞ്ഞു.ബസിൽ യാത്രക്കാർക്കായി ഉപ്പേരിയും കരുതിയിട്ടുണ്ടായിരുന്നു.