IndiaNEWS

പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ഓണ സമ്മാനം; പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലയില്‍ 200 രൂപ സബ്‌സിഡി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായി ഉയരും. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് പാചകവാതക വിലയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കാനുള്ള തീരുമാനം.

ഇതോടെ, നിലവില്‍ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില, 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇതിനു പുറമെ 200 രൂപ കൂടി ഇളവുണ്ടാകും. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കാനും തീരുമാനിച്ചു.

Signature-ad

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ വ്യക്തമാക്കി. ഇതിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെ ആളുകളുടെ, പ്രത്യേകിച്ചും നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള വലിയ പ്രഖ്യാപനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”2014 മുതല്‍ സ്ത്രീകള്‍ക്കും അവരുടെ ശാക്തീകരണത്തിനും വേണ്ടിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ബദ്ധശ്രദ്ധനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 9.6 കോടി സ്ത്രീകള്‍ക്കാണ് ഉജ്ജ്വല പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. തിരുവോണ ദിനത്തിന്റെ അന്ന്, രക്ഷാബന്ധന്റെ തലേന്ന്, സ്ത്രീകള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ ഈ വലിയ സമ്മാനം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: