പനാജി: പണം തട്ടാനായി യുവാവിനെതിരെ വ്യാജ പീഡന പരാതി നല്കിയ രണ്ട് സ്ത്രീകളും ഇവരുടെ സഹായിയായ ഒരു പുരുഷനും അറസ്റ്റില്‍.
ഗോവ പൊലീസാണ് മൂന്നുപേരെയും പിടികൂടിയത്. പണം തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെ യുവതികള്‍ താനുമായി സൗഹൃദമുണ്ടാക്കുകയും പിന്നീട് വ്യാജ പീഡന പരാതി നല്കിയെന്നുമുള്ള ഗുജറാത്ത് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റെന്ന് നോര്‍ത്ത് ഗോവ പൊലീസ് എസ്.പി നിധിൻ വല്സൻ പറഞ്ഞു.
തിങ്കളാഴ്ചയാണ് പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ പൂനെ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയും ലഭിച്ചതായി പൊലീസ് പറഞ്ഞു. വ്യാജ പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതികള്‍ ഗുജറാത്തിലും ഗോവയിലുമായി നിരവധി പേര്‍ക്കെതിരെ പീഡന പരാതികള്‍ നല്‍കിയതായി കണ്ടെത്തി. സ്ത്രീകളിലൊരാള്‍ മലയാളിയാണ്. ആഗസ്റ്റ് 23ന് ഗോവയിലെ കോല്‍വാലേയില്‍ ഇവർ നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.