മുംബൈ: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക ബാറ്റിംഗ് ഇതിഹാസവും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനുമായ വിവിഎസ് ലക്ഷ്‌മൺ. രാഹുൽ ദ്രാവിഡ് സീനിയർ ടീമിനൊപ്പം ഏകദിന ക്രിക്കറ്റ് ലോകകപ്പ് തിരക്കുകളിലായിരിക്കും എന്നതിനാലാണ് വിവിഎസിനെ ഏഷ്യൻ ഗെയിംസിനെ യുവനിരയെ നയിക്കാൻ ഉത്തരവാദിത്തം ഏൽപിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് ടീമിനെ മുൻ ഓൾറൗണ്ടർ റിഷികേശ് കനീത്‌കർ പരിശീലിപ്പിക്കും. വനിതാ ടീമിൻറെ താൽക്കാലിക പരിശീലകൻറെ ചുമതലയാണ് കനീത്‌കറിന് നൽകിയിരിക്കുന്നത്. ചൈനയിലെ ഹാങ്ഝൗവിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
വിവിഎസ് ലക്ഷ്‌മണിനൊപ്പം പുരുഷ ടീമിന് ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെയും നിയമിച്ചിട്ടുണ്ട്. മുൻ ലെഗ് സ്‌പിന്നർ സായ്‌രാജ് ബഹുതുലെ ബൗളിംഗും മുനീഷ് ബാലി ഫീൽഡിംഗും പരിശീലിപ്പിക്കും. വനിതാ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനെയും സപ്പോർട്ട് സ്റ്റാഫിനേയും തെരഞ്ഞെടുക്കുന്നത് വൈകുന്നതിനിലാണ് താൽക്കാലിക പരിശീലനായി റിഷികേശ് കനീത്‌കറിനെ നിയമിച്ചിരിക്കുന്നത്. സുഭാദീപ് ഘോഷ്, റജീബ് ദത്ത എന്നിവരാണ് പരിശീലക സംഘത്തിലുള്ള മറ്റുള്ളവർ. ഈ വർഷാദ്യം ഫെബ്രുവരിയിൽ വനിതാ ടീമിനെ ദക്ഷിണാഫ്രിക്കയിലെ ട്വൻറി 20 ലോകകപ്പിൽ പരിശീലിപ്പിച്ചത് കനീത്‌കറായിരുന്നു.
ഏഷ്യൻ ഗെയിംസിൽ 9 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ ക്രിക്കറ്റ് ടീമിനെ അയക്കുന്നത്. പുരുഷൻമാരുടെയും വനിതകളുടേയും വിഭാഗത്തിൽ ട്വൻറി 20 ഫോർമാറ്റിലാണ് മത്സരങ്ങൾ. കഴിഞ്ഞ ജക്കാർത്ത ഗെയിംസിൽ ഇന്ത്യയുടെ വനിതാ, പുരുഷ ക്രിക്കറ്റ് ടീമുകൾ പങ്കെടുത്തിരുന്നില്ല. ഫസ്റ്റ് ചോയിസ് താരങ്ങൾ ക്രിക്കറ്റ് ലോകകപ്പിൻറെ തിരക്കുകളിലായതിനാൽ റുതുരാജ് ഗെയ്‌ക്‌വാദിൻറെ നേതൃത്വത്തിൽ യുവ ടീമിനെയാണ് ഏഷ്യാൻ ഗെയിംസിന് ഇന്ത്യ അയക്കുന്നത്. അതേസമയം വനിതകളിൽ ഹർമൻപ്രീത് കൗർ ക്യാപ്റ്റനായ പ്രധാന ടീം തന്നെയാണ് ഇറങ്ങുക. ഐസിസി റാങ്കിംഗിൽ മികച്ച് നിൽക്കുന്നതിനാൽ ക്വാർട്ടർ മുതൽ മാത്രം ഗെയിംസിൽ ഇന്ത്യൻ ടീമുകൾക്ക് ക്രിക്കറ്റിൽ ഇറങ്ങിയാൽ മതി.