തിരുവനന്തപുരം:സംസ്ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി 8 ജില്ലകളില്‍ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നും കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
മഴ ലഭിക്കാതെ വരള്‍ച്ചാഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് ചൂട് ഉയരുന്നത് പ്രശ്നമാണ്. ഒമ്ബത് ജില്ലകളില്‍ ഇത്തവണ 63 ശതമാനം മുതല്‍ 41 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിപോലും ഇപ്പോഴില്ല.
അടുത്ത രണ്ടാഴ്ചയും നിലവിലുള്ള വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അങ്ങനെയെങ്കിൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്താകും ഇത്.