IndiaNEWS

ആ കുഞ്ഞിനെ ക്രൂരമായി തല്ലിയത് അവര്‍ അറിഞ്ഞില്ല;വകുപ്പുമന്ത്രി മാഡം സ്മൃതി ഇറാനി ഉറക്കത്തിലാണ്

ലക്നൗ:‍ ഉത്തർ പ്രദേശിലെ മുസഫര്‍നഗര്‍ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളില്‍ മുസ്‍ലിം കുട്ടിയെ സഹപാഠികളായ ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിച്ച അധ്യാപികയുടെ ഹീനകൃത്യത്തിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധമുയര്‍ന്നിട്ടും അതിനെതിരെ കേവല പ്രസ്താവന പോലും നടത്താൻ തയ്യാറാകാതെ ബന്ധപ്പെട്ട വകുപ്പു കൈയാളുന്ന മന്ത്രി സ്മൃതി ഇറാനി.
അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നതുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെൻഡിങ് ആയിട്ടും വിഷയത്തില്‍ ഒരു ട്വീറ്റുപോലും മന്ത്രിയുടെ വകയായി ഇതുവരെയില്ല.പ്രധാനമന്ത്രിയുടെ ഐ.എസ്.ആര്‍.ഒ സന്ദര്‍ശനത്തിന്റെയും അമേത്തിയിലെ വികസന പ്രവര്‍ത്തനങ്ങളുടെയും മോദിക്ക് ഗ്രീക്ക് പുരസ്കാരം ലഭിച്ചതിന്റെയുമൊക്കെ ട്വീറ്റുകള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ തരാതരം പോലെ സ്മൃതി തന്റെ ട്വിറ്റര്‍ ഹാൻഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ആ എട്ടുവയസ്സുകാരനെ തല്ലാൻ സഹപാഠികള്‍ക്ക് നിര്‍ദേശം നല്‍കുകയും അതു കണ്ട് രസിക്കുകയും ചെയ്യുന്ന തൃപ്ത ത്യാഗി എന്ന അധാപികയുടെ ക്രൂര ചെയ്തിയെക്കുറിച്ച്‌ സ്മൃതി ഇറാനി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.

ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമുയരുകയാണ്. സ്മൃതി ഇറാനിക്കെതിരെ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്നു.യു.പിയിലെ മുസാഫര്‍നഗറിലെ ഒരു അധ്യാപിക ഒരു മുസ്‍ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ക്ക് മുന്നിലിട്ട് തല്ലാൻ ക്ലാസിലെ ഹിന്ദു വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നു. ആ വിദ്യാര്‍ഥിയെ ശക്തമായി തല്ലാത്തതിന് മറ്റു കുട്ടികളെ ശകാരിക്കുന്നു. കുറ്റക്കാരനായ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം രാജ്യത്തുടനീളം ഉയര്‍ന്നുവരുന്നു. പക്ഷേ, മാഡം സ്മൃതി ഇറാനി നിശബ്ദയാണ്. രാഹുല്‍ ഗാന്ധിയെ ആക്രമിക്കാൻ അടുത്ത പ്രസംഗം തയാറാക്കുന്ന തിരക്കിലായിരിക്കണം അവർ – ഒരാൾ ട്വീറ്റ് ചെയ്തു.

‘മുസ്‍ലിം മതത്തില്‍ പെട്ടവനാണെന്ന കാരണത്താല്‍ ഒരു കൊച്ചുകുട്ടിയെ അവന്റെ അധ്യാപിക സഹപാഠികളോട് തല്ലാൻ നിര്‍ദേശിക്കുന്നു. ഒരു മതത്തോട് ഇത്രയധികം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്നതിന് ആ സ്ത്രീ ശിക്ഷിക്കപ്പെടണം. പക്ഷേ, നമ്മുടെ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഇതുവരെ ഒന്നും മിണ്ടിയിട്ടിട്ടില്ല. രാഹുല്‍ ഗാന്ധി ഈ വിഷയം ഉന്നയിക്കുന്നതുവരെ അവരൊന്നും പറയില്ല. അതിനുശേഷം, അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ശബ്ദമലിനീകരണം സൃഷ്ടിക്കാൻ തുടങ്ങുമായിരിക്കും’ -മറ്റൊരാളുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

Signature-ad

മുസാഫര്‍നഗര്‍ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു രാജ്യത്തെ പിടിച്ചുലച്ച സംഭവം. ക്ലാസ് മുറിയില്‍ മുസ്‍ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പിച്ച്‌ നിര്‍ത്തിയ അധ്യാപിക മറ്റു വിദ്യാര്‍ഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാള്‍ വിഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഈ ക്രൂരകൃത്യം നടത്തിയത്.

“എല്ലാ മുസ്‍ലിം കുട്ടികളും പോകണമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു” എന്ന് തൃപ്ത ത്യാഗി പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. അപ്പോള്‍ വിഡിയോ പിടിക്കുന്നയാള്‍ “നിങ്ങള്‍ പറഞ്ഞത് ശരിയാണ്, അവര്‍ വിദ്യാഭ്യാസത്തെ നശിപ്പിക്കുന്നു” എന്ന് പ്രതികരിക്കുന്നുണ്ട്. മര്‍ദനത്തിനിരയാകുന്ന ഏഴുവയസ്സുകാരൻ വിതുമ്ബിക്കരഞ്ഞ് പരിഭ്രാന്തനായി നില്‍ക്കുമ്ബോഴാണ് അധ്യാപികയും കൂടെയുള്ളയാളും ഈ സംഭാഷണം നടത്തുന്നത്.

: “ഇന്നലെ, എന്റെ മോൻ കരഞ്ഞുകൊണ്ടാണ് വീട്ടില്‍ വന്നത്, അവൻ മാനസികമായി തകര്‍ന്നു. കുട്ടികളോട് ഇങ്ങനെ പെരുമാറരുത്’ -മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച യു.പിയിലെ അധ്യാപികയുടെ വിദ്വേഷചെയ്തിക്കിരയായ കുട്ടിയുടെ ഉമ്മ റുബീന പറഞ്ഞു.

രാജ്യത്ത് മുസ്‍ലിംകള്‍ക്കെതിരെ പടരുന്ന വിദ്വേഷത്തിന്റെ ഫലമാണ് മകനോട് ഇത്തരത്തില്‍ പെരുമാറിയതെന്ന് വിഡിയോയിലെ അധ്യാപികയുടെ പ്രസ്താവന വ്യക്തമാക്കുന്നുണ്ടെന്ന് പിതാവ് ഇര്‍ഷാദ് പറഞ്ഞു. ‘ടീച്ചര്‍ സഹപാഠികളോട് ഓരോരുത്തരായി എന്റെ മകനെ അടിക്കാൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ എന്റെ മകൻ പാഠം കാണാതെ പഠിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ടീച്ചര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു. എന്റെ മകൻ പഠിക്കാൻ മിടുക്കനാണ്. അവൻ ട്യൂഷനും പോകുന്നുണ്ട്. എന്തുകൊണ്ടാണ് ടീച്ചര്‍ ഇങ്ങനെ പെരുമാറിയതെന്ന് നമുക്ക് മനസ്സിലാകുന്നില്ല. വിദ്വേഷം കാരണമാണെന്ന് തോന്നുന്നു” -42കാരനായ പിതാവ് പറഞ്ഞു.

Back to top button
error: