തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഡിവൈഎഫ്‌ഐ നേതാവിനു പിഴ ചുമത്തുകയും ഇതില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പോലീസ് കമ്മിഷണര്‍ റദ്ദാക്കി. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പേട്ട സ്റ്റേഷനില്‍ വീണ്ടും നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്‌ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവര്‍ എം.മിഥുന്‍ എന്നിവരെയാണ് തിരികെ നിയമിച്ചത്.
എസ്‌ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കുമാണ് മാറ്റിയിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പോലീസുകാര്‍ക്ക് അനുകൂലമായതിനെ തുടര്‍ന്നാണ് പേട്ട സ്റ്റേഷനില്‍ തുടരാന്‍ അനുമതി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടിയില്‍ പോലീസിനുള്ളില്‍ അമര്‍ഷം ശക്തമായിരുന്നു. ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിനുള്ളിലെ ആക്ഷേപം.
വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവിനെ അസഭ്യം പറഞ്ഞെന്നും ഇതു ചോദിക്കാനെത്തിയ സിപിഎം നേതാക്കളെ അടിച്ചോടിച്ചെന്നുമാണ് പോലീസുകാര്‍ക്കെതിരെ പാര്‍ട്ടി നല്‍കിയ പരാതി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് ഒരുവാതില്‍കോട്ട റോഡില്‍ എസ്‌ഐമാരായ അഭിലാഷും അസീമും വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ബൈക്കിലെത്തിയ ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് ട്രഷറര്‍ വി.നിഥിനെ തടഞ്ഞു നിര്‍ത്തിയതാണ് സംഭവങ്ങളുടെ തുടക്കം.
ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ നല്‍കണമെന്ന് പറഞ്ഞത് തര്‍ക്കത്തിനിടയാക്കി. വാഹനമെടുത്ത് നിഥിന്‍ സ്ഥലത്തുനിന്ന് കടന്നു. തന്നെ തെറി വിളിച്ചെന്ന് ആരോപിച്ച് വൈകിട്ട് ആറു മണിയോടെ സിപിഎം നേതാക്കളുമായി നിഥിന്‍ സ്റ്റേഷനിലെത്തി. എസ്‌ഐമാര്‍ വന്ന ജീപ്പ് സിപിഎം നേതാക്കള്‍ തടഞ്ഞു. പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിച്ചു. പിന്നീട് ജില്ലാ സെക്രട്ടറി വി.ജോയി, വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി ലെനിന്‍, മുന്‍ മേയര്‍ കെ.ശ്രീകുമാര്‍, കൗണ്‍സിലര്‍ ഡി.ആര്‍.അനില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറുകയും ഉദ്യോഗസ്ഥരെ തെറിവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രണ്ടു തവണ തള്ളിക്കയറിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ എസ്‌ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റി അന്വേഷണം നടത്താമെന്ന് ഡിസിപി ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന്, സിറ്റി പൊലീസ് കമ്മിഷണര്‍ നര്‍കോട്ടിക് അസി.കമ്മിഷണറെ അന്വേഷണത്തിനു ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണു പേട്ട സ്റ്റേഷനിലെ എസ്‌ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവര്‍ എം.മിഥുന്‍ എന്നിവരെ സ്ഥലംമാറ്റിയത്.