കണ്ണൂര്‍: കൊളച്ചേരി പറമ്പില്‍ സുഹൃത്തായ മുന്‍ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്റെ അറസ്റ്റ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് രേഖപ്പെടുത്തി. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊല നടന്ന ബുധനാഴ്ച രാത്രി പത്തു മണിയോടെ ദിനേശനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച രാതി ഏഴു മണിയോടെ ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടില്‍ വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട കൊളച്ചേരിപ്പറമ്പിലെ കൊമ്പന്‍ ഹൗസില്‍ സജീവന്റെ(56) ശരീരത്തില്‍ ഒന്നിലേറെ തവണ ദിനേശന്‍ വിറകു കൊള്ളി കൊണ്ടു മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്.
സജീവന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ നിന്നും കൊളച്ചേരി പറമ്പിലേക്ക് കൊണ്ടുവന്നു സംസ്‌കരിച്ചു. കണ്ണൂര്‍ എസി പി ടികെ രത്നകുമാറിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പരേതനായ കുഞ്ഞപ്പയുടെയും ലീലയുടെയും മകനാണ് കൊല്ലപ്പെട്ട സജീവന്‍. അങ്കണവാടി വര്‍കറായ ഗീതയാണ് ഭാര്യ.