തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഫീസ് അടയ്ക്കാൻ വൈകിയതിന് തറയിലിരുത്തി പരീക്ഷ എഴുതിച്ചുവെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന് നിര്‍ദേശം നല്കി. ഗൗരവുള്ള സംഭവമെന്ന് വിലയിരുത്തിയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉടൻ അന്വേഷണത്തിന് നിര്‍ദേശം നൽകിയിട്ടുള്ളത്.
ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തിൽ കടുത്ത നടപടികള്‍ വന്നിരുന്നു. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനാണ് തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചത്.
തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്റെ ക്രൂര വിവേചനമുണ്ടായത്. പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയെന്നാണ് മാനേജ്മെന്റ് ആദ്യം വിശദീകരിച്ചത്. ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ, എക്സാം ഹോളിലേക്ക് കടന്നുവന്ന പ്രിൻപ്പൽ ജയരാജ് ആർ സ്കൂൾ മാസ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു. ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത് എന്ന കുട്ടിയുടെ നിഷ്കളങ്ക ചോദ്യമൊന്നും പ്രിൻസിപ്പലിന്റെ മനസിൽ തട്ടിയില്ല.
കുട്ടിയുടെ പിതാവ് കാര്യം അന്വേഷിക്കാൻ ഫോൺ വിളിച്ചപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസ മറുപടി. കുടുംബം ഈ വിഷയം പുറത്ത് പറഞ്ഞതോടെ പ്രിൻസിപ്പലിനെ തള്ളി മാനേജ്മെന്റ് രംഗത്തെത്തിയത്. കുട്ടിയുടെ അച്ഛനെ വിളിച്ച് വിദ്യാധിരാജ ഹയർസെക്കന്ററി സ്കൂൾ അഡ്മിനിസ്ട്രേറ്റർ പ്രിൻസിപ്പലാണ് തെറ്റുചെയ്തെന്നും പ്രശ്നം ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കുട്ടിയെ സ്കൂൾ മാറ്റാമെന്ന നിലപാടിലാണ് രക്ഷിതാക്കൾ.