കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ പാളത്തില്‍ കല്ല് വച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സ്‌കൂളില്‍ പരീക്ഷയ്ക്ക് പോകുന്നതിനു തൊട്ടുമുന്‍പാണ് വളപട്ടണം സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി വച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് സംഭവം.
ഈ ഭാഗത്ത് ട്രിയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തില്‍ പാളങ്ങളില്‍ പോലീസ് പട്രോളിങുണ്ട്. അതിനിടെയാണ് വളപട്ടണം പോലീസ് കുട്ടികളെ പിടികൂടിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രക്ഷിതാക്കളേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇന്‍സ്‌പെക്ടര്‍ എംടി ജേക്കബ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണം പെരുകുകയാണ്. ഇക്കഴിഞ്ഞ 21 ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറ് നടന്നത്. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്.
വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റില്ല. ചില്ലിന് വിള്ളലുണ്ടായി. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസ്. തിങ്കളാഴ്ച വൈകുന്നേരം താനൂര്‍ സ്റ്റേഷന് തൊട്ടടുത്തുള്ള സിഗ്‌നല്‍ മറികടക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. ലോക്കോ പൈലറ്റ് ഉടന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും അറിവായിട്ടില്ല. മുമ്പും സമാനമായ രീതിയില്‍ താനൂരില്‍ നിന്നും വന്ദേ ഭാരതിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. അന്വേഷണത്തിലൊടുവില്‍ പിടിയിലായവര്‍ കളിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മൊഴി നല്‍കിയതിന്റെയടി സ്ഥാനത്തില്‍ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കാതെ വിട്ടയക്കുകയായിരുന്നു.