KeralaNEWS

ഓണത്തിന് ഒരു യാത്ര പോയാലോ? അവധി ദിനങ്ങൾ അവിസ്‌മരണീയമാക്കാൻ കേരളത്തിൽ തന്നെയുള്ള മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ അറിയാം

   മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വരവായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഒട്ടുമിക്ക മലയാളികളും തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഈ ദിനങ്ങൾ അവിസ്‌മരണീയമാക്കാൻ സ്വന്തം വീട്ടിലെത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം ഓണത്തിന് കേരളത്തിൽ തന്നെയുള്ള മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോയാലോ. മൺസൂൺ മഴയ്ക്ക് ശേഷം, പച്ചപ്പ് നിറഞ്ഞ കുന്നുകളും, കടൽത്തീരങ്ങളും, മനോഹരമായ താഴ്‌വരകളും, മൂടൽമഞ്ഞിൽ പൊതിഞ്ഞ പച്ചപ്പുള്ള വനങ്ങളും കാണുന്നത് തീർച്ചയായും നവ്യാനുഭവമാകും. ഓണം ഓർമകളിൽ എന്നും നിലനിൽക്കാൻ സഹായിക്കുന്ന ചില ടൂറിസം പ്രദേശങ്ങൾ അറിയാം.

ആലപ്പുഴയും ഓണാട്ടുകരയും

ഓണത്തിന്റെ നാടായ ഓണാട്ടുകരയിലേക്കുള്ള യാത്ര ആയാലോ? ഐതിഹ്യങ്ങൾ നിറഞ്ഞ പൈതൃക സ്ഥലമാണ് ഓണാട്ടുകര, ആലപ്പുഴ ജില്ലയിലെ മാവേലിക്കരയുടെ ഹൃദയഭാഗത്തുള്ള ഓണാട്ടുകരയിലാണ് മഹാബലി വിരുന്നെത്തുന്നതെന്നാണ് ഐതിഹ്യം. നിരവധി ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ, ഈ ആരാധനാലയങ്ങളിൽ നിങ്ങൾക്ക് ദർശനം നടത്താം. കണ്ടിയൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം എന്നിവയാണ് ഓണാട്ടുകരയിലെ പ്രശസ്തമായ ചില ക്ഷേത്രങ്ങൾ.

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ എല്ലാ സീസണുകളിലും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. സെപ്റ്റംബറിൽ നടക്കുന്ന വാർഷിക വള്ളംകളിക്ക് പ്രശസ്തമാണ് ആലപ്പുഴയിലെ തടാകങ്ങൾ. മൺസൂൺ മഴയ്ക്ക് ശേഷം, മനംമയക്കുന്ന ആലപ്പുഴ പച്ചപ്പിൽ പുതച്ചിരിക്കുന്നു. ഹൗസ്‌ബോട്ടിൽ ജാലാശയ യാത്രയ്ക്ക് ഏറ്റവും നല്ല സമയം കൂടിയാണിത്.

തേക്കടി

സുന്ദരമായ പ്രകൃതിയും അതീവ സുഖകരമായ കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ കൂടുതൽ മോഹിപ്പിക്കുന്ന പ്രദേശമാണ് ഇടുക്കി. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള സ്ഥലമാണ് തേക്കടി. കൊടും വനത്തിലൂടെയുള്ള ആവേശകരമായ സഫാരിയും തടാകത്തിലൂടെയുള്ള വിനോദയാത്രയും മികച്ച അനുഭവം നൽകും. കൂടാതെ, സുഖപ്രദമായ താമസത്തിന് അതിമനോഹരവും സൗകര്യങ്ങളുമുള്ള റിസോർട്ടുകളുമുണ്ട്. ഇവിടുത്തെ തണുത്ത കാലാവസ്ഥ, തടാകം, ബോട്ടു യാത്ര, പക്ഷികൾ, മനോഹരമായ പച്ചപ്പ്, വന്യജീവി സങ്കേതം എന്നിവയെല്ലാം തേക്കടിയെ കേരളത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു.

മൂന്നാറും മാട്ടുപ്പെട്ടി ഡാമും

വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗന്ദര്യം. തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട മൂന്നാർ, കേരളത്തിൽ ഏറ്റവും കൂടുതൽ പേരെത്തുന്ന ഹിൽ സ്റ്റേഷനാണ്. അന്തരീക്ഷത്തിലെ കോടമഞ്ഞും, ഉരുണ്ടുകൂടിയ കുന്നുകളും, മനോഹരമായ താഴ്‌വരകളും, വെള്ളച്ചാട്ടങ്ങളും മൂന്നാറിന് സ്വർഗീയ സ്പർശം നൽകുന്നു. മൂന്നാറിന്റെ സൗന്ദര്യം മൺസൂൺ മഴയ്ക്ക് ശേഷം സെപ്റ്റംബറിൽ മറ്റൊരു തലത്തിലേക്ക് എത്തുന്നു. ചരിഞ്ഞു പുഷ്പിക്കുന്ന ഗ്രീൻ ടീ, കോഫി തോട്ടങ്ങൾ, ചുറ്റിത്തിരിയുന്ന പാത, മലനിരകളിലൂടെ ഒഴുകുന്ന അരുവികൾ, നിരവധി തേയില മ്യൂസിയങ്ങൾ തുടങ്ങിയവ മൂന്നാറിനെ സ്വർഗീയ തുല്യമാക്കുന്നു. മനോഹരമായ പർവതങ്ങൾ സാഹസികമായ ട്രെക്കിംഗ് യാത്രയ്ക്ക് അനുയോജ്യമാണ്‌.

സമുദ്രനിരപ്പിൽ നിന്ന് 1,700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഒരു ചെറിയ മലയോര പട്ടണമാണ് മാട്ടുപ്പെട്ടി. മനോഹരമായ അണക്കെട്ടിനും ആകർഷകമായ തടാകത്തിനും പേരുകേട്ടതാണ് ഈ മനോഹരമായ സ്ഥലം. ഇടയ്ക്കിടെ പെയ്യുന്ന മഴയും മൂടൽമഞ്ഞ് അന്തരീക്ഷത്തിൽ തൂങ്ങിക്കിടക്കുന്ന കാലാവസ്ഥയും വളരെ മനോഹരമായതിനാൽ വർഷം മുഴുവനും മാട്ടുപ്പെട്ടി സന്ദർശിക്കാം

വയനാട്

പച്ചപ്പ് നിറഞ്ഞ കാടും, വെള്ളച്ചാട്ടങ്ങളും, മനോഹരമായ താഴ്‌വരകളും, ചെറിയ ചാറ്റൽ മഴയും, വിശാലമായ തേയില, കാപ്പി, സുഗന്ധവ്യഞ്ജന തോട്ടങ്ങളും, മൂടൽമഞ്ഞും ഉള്ള സ്വർഗമാണ് വയനാട്. റോയൽ ബംഗാൾ കടുവകൾ, പുള്ളിമാൻ, ചന്ദനം, യൂക്കാലിപ്‌റ്റസ് മരങ്ങൾ എന്നിവയാൽ സമ്പൂർണമായ സസ്യജന്തുജാലങ്ങൾ ഈ പ്രദേശത്ത് ഉണ്ട്. സുഗന്ധദ്രവ്യങ്ങളുടെ കലവറ കൂടിയാണ് വയനാട്. കാപ്പി, തേയില, ഏലം, കുരുമുളക് തുടങ്ങിയവയുടെ കയറ്റുമതിയുടെ പേരിലും വയനാട് പ്രസിദ്ധമാണ്. എടയ്ക്കല്‍ ഗുഹ, കുറുവാ ദ്വീപ്, പൂക്കോട് തടാകം, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുര സാഗര്‍ അണക്കെട്ട്, മുത്തങ്ങ വനം, പക്ഷിപ്പാതാളം തുടങ്ങിയ സ്ഥലങ്ങള്‍ കാഴ്ചയുടെ വിസ്‌മയം തീർക്കുന്നു.

അതിരപ്പിള്ളി

തൃശൂരിൽ നിന്ന് 63 കിലോമീറ്റർ അകലെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 80 അടി ഉയരത്തിൽ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദർശകരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നു. ബോളിവുഡ് സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളിൽ ഇടം നേടിയ അതിരപ്പിള്ളി വെള്ളച്ചാട്ടം മൺസൂൺ മഴയ്ക്ക് ശേഷം കൂടുതൽ മനോഹരമാണ്. ഇവിടെ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും പ്രകൃതിയുടെ മറ്റൊരു വിസ്‌മയ കാഴ്ചയാണ്..

ബേക്കൽ കോട്ട

കാസർകോട് ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത്. റബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തിലാണ് കോട്ട പണിതുയര്‍ത്തിയിട്ടുള്ളത്. കടൽ നിരപ്പിൽ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള ഒരു കുന്നിൻ മുകളിലാണ് കോട്ടയുള്ളത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. ബേക്കൽ കോട്ടയുടെ പടിഞ്ഞാറുള്ള മൂന്നിൽ രണ്ടു ഭാഗവും അറബിക്കടലിലാണ് സ്ഥിതിചെയ്യുന്നത്. സമീപത്ത് തന്നെയുള്ള പള്ളിക്കര ബീച്ചും സഞ്ചാരികളെ ആകർഷിക്കുന്നു.

Back to top button
error: