KeralaNEWS

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരിച്ചു

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് തിരികെ പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ തന്റെ നിഗമനങ്ങൾ അറിയിക്കുന്നതാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും സിറിൽ വാസിൽ അറിയിച്ചു.

അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിലിന് നേർക്കുണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് സിറോ മലബാർസഭ അറിയിച്ചിരുന്നു. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്നും സിറോ മലബാർ സഭ വക്താവ് വാർത്താകുറിപ്പിൽ അറിയിച്ചു.

Signature-ad

ക്രൈസ്തവരുടെ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറേണ്ടതാണ്. കത്തീഡ്രൽ ബസലിക്കയുടെ പരിസരം സമരവേദിയാക്കുന്നതും സഭാപരമായ അച്ചടക്കത്തിന്റെ സകല അതിർവരമ്പുകളും ലംഘിച്ചതുമായ ഇത്തരം സമരമാർ​ഗത്തിലൂടെ സഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്. പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള അനാദരവും എതിർപ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണെന്നും അത്യന്തം നീചവും നിന്ദ്യവുമായ പദപ്രയോഗങ്ങളിലൂടെ അവഹേളിക്കുമ്പോഴും കുർബാനയും കയ്യിൽ പിടിച്ച് പ്രാർത്ഥനാപൂർവം എതിർപ്പുകളെ നേരിട്ട പൊന്തിഫിക്കൽ ഡെലഗേറ്റ് ഉദാത്തമായ ക്രൈസ്തവ സാക്ഷ്യമാണെന്നും കുറിപ്പിൽ വ്യക്തമാക്കി. അനാദരവ് കാണിച്ചവർ ക്ഷമാപണം നടത്തുകയും തെറ്റുകൾ തിരിച്ചറിഞ്ഞ് സഭയോട് ചേർന്ന് നിൽക്കാൻ ശ്രമിക്കണമെന്നും അറിയിച്ചു.

Back to top button
error: