കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട് നില്‍ക്കുന്ന ഭൂമിയില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധന പൂര്‍ത്തിയായി. താലൂക്ക് സര്‍വേ വിഭാഗം തിങ്കളാഴ്ച തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അനധികൃതമായി ഭൂമി മണ്ണിട്ടു നികത്തി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വെ. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിച്ചത്.
അളന്നു തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, മണ്ണിട്ട് നികത്തിയോ എന്നിവ സംബന്ധിച്ചായിരിക്കും റിപ്പോര്‍ട്ട്. മാത്യു കുഴല്‍നാടന്റെ കുടുംബ വീടിനോടു ചേര്‍ന്ന സ്ഥലത്ത് അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലം മണ്ണിട്ടു നികത്തിയെന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നു.
റോഡിനായി സ്ഥലം വിട്ടു നില്‍കിയപ്പോള്‍ വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാന്‍ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ടതായി എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് നാല് മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വിവാദം ഉയര്‍ന്നതോടെയാണ് റീ സര്‍വേ.
അതിനിടെ, മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. അഴിമതി നിരോധന നിയമപ്രകാരം ലഭിച്ച പരാതിയിലാണ് പരിശോധന. ഇപ്പോള്‍ നടത്തുന്നത് അന്വേഷണമല്ലെന്നും പരാതിയിന്മേലുള്ള പ്രാഥമിക പരിശോധനയാണെന്നും വിജിലന്‍സ് വ്യക്തമാക്കി.
വിജിലന്‍സിനു പുറമേ, സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും റവന്യു പരിശോധനാ വിഭാഗവും മൂന്നു മാസത്തിലധികമായി കുഴല്‍നാടന്റെ ഭൂമി ഇടപാട് പരിശോധിക്കുന്നുണ്ട്. പ്രഖ്യാപിത വരുമാനത്തിന്റെ 30 ഇരട്ടിയോളം മാത്യു കുഴല്‍നാടന്‍ സ്വത്തു സമ്പാദിച്ചു എന്നാണ് സിപിഎം ആരോപിക്കുന്നത്.