തിരുവനന്തപുരം: വിദേശവനിതയുടെ പണം കവര്‍ന്ന, റിസോര്‍ട്ടിലെ ശുചീകരണത്തൊഴിലാളിയെ പിടികൂടി. റിസോര്‍ട്ടിലെ ശുചീകരണത്തൊഴിലാളി നെയ്യാറ്റിന്‍കര കൊല്ലയില്‍ സ്വദേശി പ്രവീണ്‍ (22) ആണ് പിടിയിലായത്. ചൊവ്വരയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കുന്ന പോളണ്ട് സ്വദേശി ജൂലീയ സ്ലാബിന്റെ പണമാണ് കവര്‍ന്നത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ബാഗില്‍നിന്ന് 8250 രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ് എട്ടിനായിരുന്നു വിദേശവനിത റിസോര്‍ട്ടില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയത്. ഓരോ ദിവസവും തൊഴിലാളികള്‍ മാറിമാറിയാണ് മുറി ശുചീകരിക്കുന്നത്. മുറി ശുചീകരിക്കാനെത്തിയ പ്രവീണിന് ആദ്യം ടിപ്പായി 500 രൂപ വിദേശവനിത നല്‍കിയിരുന്നു.
തുടര്‍ന്ന് പുറത്തുള്ള ഊഞ്ഞാലില്‍ വിശ്രമിക്കുകയായിരുന്നു ഇവര്‍. തൊഴിലാളി പോയശേഷം ബാഗുമെടുത്ത് സമീപത്തെ ഫാര്‍മസിയില്‍നിന്ന് മരുന്നുവാങ്ങി. ബാഗില്‍നിന്ന് പണമെടുക്കാന്‍ നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് റിസോര്‍ട്ടിലെത്തി ഉടമയോടു വിവരം ധരിപ്പിച്ചു. അന്വേണത്തിലാണ് പ്രവീണ്‍ പണം കവര്‍ന്നതെന്ന് തിരിച്ചറിഞ്ഞത്. വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. അറസ്റ്റുചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.